
കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’യില്‍ ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വീടുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തുന്നതിനായാണു ഹര്‍ ഘര്‍ തിരംഗ സംഘടിപ്പിക്കുന്നത്.
വീടുകളില്‍ ദേശീയ പതാക രാത്രിയില്‍ താഴ്ത്തേണ്ടതില്ല. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണിത്തരങ്ങളിലെ കൈകൊണ്ടു നെയ്തതോ യന്ത്രങ്ങളില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാകകള്‍ ഉപയോഗിക്കാം. ദേശീയ പതാക ദീര്‍ഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം. എന്നാല്‍ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്.
കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല.
തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാന്‍ അനുവദിക്കരുത്. പതാകയില്‍ എഴുത്തുകള്‍ പാടില്ല.

കെട്ടിടങ്ങളുടെ മുന്‍വശത്തോ ജനല്‍പ്പാളിയിലോ ബാല്‍ക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ സാഫ്റോണ്‍ ബാന്‍ഡ് ദണ്ഡിൻ്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.
മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്ളാഗ് കോഡില്‍ നിര്‍ദ്ദേശിക്കുന്നു.
