
ഹനുമാൻ്റെ ജന്മസ്ഥലമാണെന്ന് വിശ്വാസികള്‍ കരുതുന്ന കർണാടക അഞ്ജനാദ്രിയിലെ ഭൂമിവില കുതിച്ചുയരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം അവിടെ വില വർധിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് കർണാടകയിലെ കോപ്പല്‍ ജില്ലയിലെ പ്രദേശത്തും വില വർധിക്കുന്നത്. അഞ്ജനാദ്രി കുന്നിൻ്റെ പരിസരങ്ങളില്‍ ഭൂമിവില കുതിച്ചുയരുന്നതായി സിയാസത്ത് മീഡിയ റിപ്പോർട്ട് ചെയ്‌തത്.
ക്ഷേത്രത്തിലും ചുറ്റുപാടുമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 100 കോടി രൂപ വകയിരുത്തി അഞ്ജനാദ്രിയെ മത ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. വിഷയത്തില്‍ സംസ്ഥാന, കേന്ദ്ര സർക്കാറുകള്‍ കാര്യമായ താല്‍പര്യം കാണിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ജനാദ്രിക്കും അയോധ്യയ്ക്കും ഇടയില്‍ നേരിട്ടുള്ള റെയില്‍പാത സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് തീർത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രദേശത്തിൻ്റെ ആകർഷണം വർദ്ധിപ്പിക്കുന്നതാണ്.

വലിയ വികസനവും തൊഴിലവസരങ്ങളും പ്രദേശത്തുണ്ടാകും എന്നാണ് നാട്ടുകാർ കരുതുന്നത്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങളുടെ കുതിച്ചു ചാട്ടത്തിന് കാരണമായിരിക്കുകയാണ്. പുതിയ സാഹചര്യം മുതലാക്കി ഉടമകള്‍ ഭൂമി വില 70% വർധിപ്പിച്ചതായാണ് മേഖലയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍.
ഏതാനും മാസം മുമ്പ് അനെഗുണ്ടി വില്ലേജില്‍ ഒരേക്കർ ഭൂമിക്ക് 12 ലക്ഷം രൂപ വിലയുണ്ടായിരുന്നു. എന്നാല്‍ അയോധ്യാ ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിനും അഞ്ജനാദ്രിക്ക് ചുറ്റുമുള്ള വികസന സംരംഭങ്ങള്‍ക്കും ശേഷം, വില ഏക്കറിന് 20 -25 ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ്. പ്രദേശത്തിൻ്റെ മതപരമായ പ്രാധാന്യത്തിനൊപ്പം കൃഷിക്കും ഹോർട്ടികള്‍ച്ചറിനും ഭൂമി അനുയോജ്യമായതും വില വർധിക്കാണ് ഇടയാക്കിയിട്ടുണ്ട്.
ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും അഞ്ജനാദ്രിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ വാങ്ങാൻ താല്‍പ്പര്യമുള്ള സന്ദർശകർ എത്തുന്നതായി പ്രാദേശിക പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എല്ലാ ആഴ്‌ചയും വിനോദ സഞ്ചാരികളുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സ്ഥിരമായ പ്രവാഹം ക്ഷേത്രത്തിലേക്കുണ്ട്. ഇതും അഞ്ജനാദ്രിയെ വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നുണ്ട്.
