
ചെറുപുഴ/ പയ്യന്നൂർ: നാലരവയസുളള ആദിൽ ജോസഫിനും ഒന്നരവയസുള്ള അലോന തെരേസിനും ഈ അമ്മയെ കൂടിയേ തീരൂ. ഈ കുടുംബത്തിന് കുഞ്ഞുങ്ങളുടെ അമ്മയെ തിരികെ പിടിക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് നാടുമുഴുവൻ. 27 വയസുള്ള അനീറ്റ കെ.ആർ കുരുന്നു കുട്ടികളുടെ അമ്മ മാത്രമല്ല. ജീവിച്ചു കൊതിതീരാത്ത നമ്മളിലൊരാളാണ് എന്ന തിരിച്ചറിവാണ് നാടൊന്നാകെ ഇവരെ ജീവിതത്തിലേക്ക് കൈപിടിക്കാൻ ഒന്നിച്ചതിന് കാരണം. 25 ന് തിങ്കളാഴ്ച 16 സ്ക്വാഡുകളിലായി ആയിരത്തോളം വീടുകൾ അനീറ്റ അജോ ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ സന്ദർശിക്കും.
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനി വാർഡിൽ താമസിക്കുന്ന ഇരുപത്തിയേഴുകാരിയായ കെ.ആർ.അനീറ്റ അത്യപൂർവ്വ രോഗമായ മലിഗനൻ്റ് മെലനോമ എന്ന ഗുരുതരമായ സ്കിൻ കാൻസറിൻ്റെ പിടിയിൽ അമർന്നിരിക്കുകയാണ്. ഇവർക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കി രക്ഷിക്കാനാണ് നാട് ഒന്നിച്ചിട്ടുള്ളത്. മൂന്നാമത്തെ സ്റ്റേജിലെ രണ്ടാം ഘട്ടത്തിലാണ് അനീറ്റയുള്ളത്. രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ ആന്തരികാവയവങ്ങളെ ബാധിക്കുകയും മാരകമാവുകയും ചെയ്യും.

ഇമ്യൂണോ തെറാപ്പിയെന്ന ചെലവേറിയ ചികിത്സയാണ് അനീറ്റയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഒരു ഡോസിന് രണ്ട് ലക്ഷം രൂപ വിലയുള്ള 18 ഡോസ് മരുന്നാണ് മൂന്നാഴ്ച ഇടവിട്ട് നൽകേണ്ടത്. ചികിത്സ തുടങ്ങിയാൽ പിന്നെ മുടങ്ങാനും പാടില്ല. ഓട്ടോ ഡ്രൈവറായ പുളിമൂട്ടിൽ അജോയുടെ കുടുംബത്തിന് 36 ലക്ഷത്തിലേറെ വരുന്ന ചികിത്സാ ചെലവ് താങ്ങാനാവില്ല.
ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ മുഖ്യ രക്ഷാധികാരിയും വാർഡ് മെമ്പർ കെ.ഡി പ്രവീൺ ചെയർമാനും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ജോയി കൺവീനറുമായുളള 101 അംഗ ചികിത്സാ സഹായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗത്ത് ഇൻഡ്യൻ ബാങ്ക് ചെറുപുഴ ശാഖയിൽ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ വെള്ളിയാഴ്ച അനീറ്റയുടെ വീട് സന്ദർശിച്ചു. Account No: 0613053000011501, IFSC: SIBL0000613, ഫോൺ: 9744544727, 9496833347, 9447483330, 9495645954.
