
മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രത്തില്‍ മേക്കപ്പിൻ്റെ പേരില്‍ ഏറ്റവുമധികം വേദനിച്ചത് ഗുരു സോമസുന്ദരമായിരിക്കുമെന്ന് ചിത്രത്തിൻ്റെ മേക്കപ്പ്മാന്‍ ആയ പ്രദീപ് വിതുര. പ്രതീപിനെയും ഗുരു സോമസുന്ദരത്തെയും പ്രശംസിച്ച് സിനിമാ പ്രവര്‍ത്തകനായ വിഷ്ണു വംശ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
മിന്നല്‍ മുരളി സിനിമയിലെ പ്രോസ്‌തെറ്റിക് മേക്കപ്പ് വിഭാഗത്തിൻ്റെ ചുമതല നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് ആണ്. വിഷ്ണു വംശയുടെ വാക്കുകള്‍ ഇങ്ങനെ:
സിനിമയിലെ ക്ലൈമാക്‌സ് ഫൈറ്റ് ഏതാണ്ട് ഇരുപത് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അതില്‍ ഗുരു സര്‍ അവതരിപ്പിക്കുന്ന ഷിബു എന്ന കഥാപാത്രത്തെ കഥാ സന്ദര്‍ഭത്തിന് അനുസരിച്ച് മേക്കപ്പ് ചെയ്ത് സെറ്റാക്കി എടുക്കാന്‍ ഓരോ ദിവസവും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വേണം. എല്ലാ ദിവസവും ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പ് ഗുരു സര്‍ സെറ്റില്‍ വരുകയും ക്ഷമയോടെ ഞങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുകയും ചെയ്യും.

ചൂട് അടിച്ചാല്‍ മെല്‍റ്റ് ആകുന്ന മെറ്റീരിയല്‍ ആണ് മേക്കപ്പിനായി ഉപയോഗിച്ചത്. ഷൂട്ടിങ് വേളയില്‍ അതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഗുരു സര്‍ ആയിരുന്നു. ഷൂട്ടിങ്ങിന് ശേഷം ഓരോ ദിവസവും മേക്കപ്പ് റിമൂവ് ചെയ്യാനും സമയം എടുക്കും. റിമൂവ് ചെയ്യുന്ന ജോലി ബുദ്ധിമുട്ട് പിടിച്ചത് ആണ്. മുഖത്തും മുടിയിലും ഒക്കെ ഒട്ടി പിടിച്ചിരിക്കുന്ന മേക്കപ്പ് മെറ്റീരിയല്‍ എടുക്കുമ്പോള്‍ പലപ്പോഴും വേദന അനുഭവപ്പെടും.
ഒരു പക്ഷേ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ മേക്കപ്പിൻ്റെ പേരില്‍ വേദനിച്ചത് ഗുരു സര്‍ ആയിരിക്കാം. എന്നിട്ട് കൂടി ഗുരു സര്‍ ഞങ്ങളോട് കാണിച്ച സഹകരണവും സ്‌നേഹവും കരുതലും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്…
ഗുരു സര്‍, നിങ്ങളൊരു നിധിയാണ്! കൂടാതെ പ്രദീപ് ഏട്ടാ, മലയാളത്തിന് അഭിമാനം ആയ ഒരു വലിയ സിനിമയില്‍ നമ്മുടെ ഒരു നാട്ടുകാരന്‍ ഭാഗമായിരുന്നു എന്ന് പറയുന്നത് തന്നെ അഭിമാനം ആണ്. സിനിമ ഒരു ചെറിയ പ്രോസസ് അല്ല എന്ന യാഥാര്‍ഥ്യം നമുക്കെല്ലാവര്‍ക്കുമുണ്ട്. അപ്പോഴും എടുത്ത് പറയേണ്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പലപ്പോഴും പലരും അറിയുന്നില്ല.
പ്രോസ്‌തെറ്റിക് മേക്കപ്പ് എന്നൊരു ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടെന്നും അത് സിനിമയുടെ ഒറിജിനാലിറ്റിയെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നും സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും. മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റിൻ്റെയും അഭിമാന ചിത്രമാണ് മിന്നല്‍ മുരളി.
