
ശ്രീകൃഷ്ണൻ്റെ അശ്ലീല ചിത്രം വിറ്റെന്ന ആരോപണവുമായി മധുരയിലും ഓണ്‍ലൈന്‍ വാണിജ്യസൈറ്റായ ആമസോണിനെതിരെ പരാതി. ഒരു കൂട്ടം അഭിഭാഷകരാണ് മധുരൈ പൊലീസില്‍ പരാതി നല്‍കിയത്. ബംഗളൂരുവിലും സമാനമായ പരാതിയില്‍ കേസെടുത്തിരുന്നു. ബംഗ്ളൂരിലെ ഹിന്ദു ജനജാഗ്രതി സമിതിയാണ് പരാതിക്കാര്‍.
ജന്മാഷ്ടമി ദിനമായ ആഗസ്റ്റ് 19 ന് ആമസോണില്‍ വില്‍പ്പന നടത്തിയ ചിത്രമാണ് പരാതിക്കടിസ്ഥാനം. നീല നിറമുള്ള, കിരീടം ധരിച്ച, മയില്‍പ്പീലിയുള്ള കലാസൃഷ്ടിയില്‍ ഭഗവാന്‍ കൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ഇത് വിശ്വാസികളായ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും പരാതിക്കാരില്‍ ഒരാളായ അഭിഭാഷകന്‍ മുത്തുകുമാര്‍ ആരോപിച്ചു.

സംഭവത്തില്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിനെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. ഇതാദ്യമായല്ല ആമസോണ്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. കൂടാതെ ഹിന്ദു ദൈവങ്ങളോടും ഇന്ത്യന്‍ പതാകയോടും അനാദരവ് കാണിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്‍കൊളോഗി സ്റ്റോര്‍ എന്ന വില്‍പ്പനക്കാരനാണ് ചിത്രം വില്‍പനയ്‌ക്കെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാദമായതോടെ ചിത്രം വെബ്‌സൈറ്റില്‍ നിന്നും നീക്കി.
