
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധത്തില്‍ അന്വേഷണ സംഘത്തിൻ്റെ തെളിവെടുപ്പ് ഇന്നും തുടരും. പ്രതി ഗ്രീഷ്മയെ ഇന്നലെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. കഷായം ഉണ്ടാക്കിയ പാത്രവും അത് പകര്‍ന്നുനല്‍കാന്‍ ഉപയോഗിച്ച ഗ്ലാസും വിഷത്തിൻ്റെതെന്ന് സംശയിക്കുന്ന പൊടിയുമാണ് കിട്ടിയത്. ഈ പൊടിയാണോ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ അറിയാനാകൂ. ഗ്രീഷ്മയുടെ പിതാവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
ഞായറാഴ്‌ച രാവിലെ പത്തരയോടെയാണ് കേരള -തമിഴ്‌നാട് പൊലീസിൻ്റെ വന്‍ സംഘം തെളിവെടുപ്പിന് എത്തിയത്. കറുത്ത ഷാള്‍കൊണ്ട് ഗ്രീഷ്‌മയുടെ മുഖം മറച്ചിരുന്നു. കൈവിലങ്ങ് അണിയിച്ചിരുന്നില്ല. തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്‌മ വിശദീകരിച്ചു.

ഇരുവരും ലിവിംഗ് റൂമില്‍ അല്പനേരം ചെലവഴിച്ച ശേഷം കിടപ്പു മുറിയിലേക്ക് പോയി. ഇവിടെ വച്ചാണ് വിഷം കലക്കിയ കഷായം നല്‍കിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന താലിയും ചരടും പരീക്ഷയില്‍ ജയിച്ചപ്പോള്‍ ഷാരോണ്‍ കൊടുത്ത വളയും പൊലീസ് കണ്ടെടുത്തു.
പലതവണ ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്‌മ സമ്മതിച്ചതായി സൂചനയുണ്ട്. ഷാരോണിൻ്റെ വീട്ടില്‍ വച്ച് വിവാഹം നടത്തിശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിന് സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നുദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. രാത്രി ഏഴരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗ്രീഷ്‌മയെ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
