
തിരുവനന്തപുരം: പഠിച്ചിരുന്ന കോളേജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്‌മ മൊഴി നല്‍കി. ഇതിനായി ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കിയതായും ഗ്രീഷ്‌മ പറഞ്ഞു. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി.എസ്.ഐ കോളേജിലെ ശുചിമുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളിക കലര്‍ത്തിയതെന്നും പ്രതി വെളിപ്പെടുത്തി.
തലേദിവസം തന്നെ ഇതിനായി 50 ഡോളോ ഗുളികകള്‍ കുതിര്‍ത്ത് കയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ജ്യൂസിന് കയ്പ്പ് തോന്നിയതിനാല്‍ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഗ്രീഷ്‌മയെ കോളേജില്‍ എത്തിച്ച് തെളിവെടുക്കും.

പ്രതി ഗ്രീഷ്‌മയുമായി അന്വേഷണ സംഘം ബുധനാഴ്‌ചയും തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പില്‍ ഷാരോണും ഗ്രീഷ്‌മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് പ്രധാന തെളിവെടുപ്പ്. തെളിവെടുപ്പിൻ്റെ ഭാഗമായി ഗ്രീഷ്‌മയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും നെയ്യാറ്റിന്‍കര കോടതി കഴിഞ്ഞദിവസം റിമാന്‍ണ്ട് ചെയ്തിരുന്നു.
