
ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്‌മയുമായി വിവാഹം ഉറപ്പിച്ചിരുന്ന സൈനികന്‍ വിവാഹിതനായി. കേസിൻ്റെ കുറ്റപത്രം പൊലീസ് നല്‍കിയ ദിവസത്തിനോട് അടുത്തായിരുന്നു സൈനികൻ്റെ വിവാഹവും. കേസില്‍ സൈനികനും സാക്ഷിയാണ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന സൈനികനുമായുള്ള വിവാഹം നടക്കാന്‍ കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്‌മ കൊലപ്പെടുത്തുകയായിരുന്നു. നാഗര്‍കോവില്‍ ജില്ലിയിലാണ് സൈനികൻ്റെ താമസം. ഗ്രീഷ്‌മയുടേയും സൈനികൻ്റെയും വീടുകള്‍ തമ്മില്‍ 30 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്.
ഷാരോണ്‍ കൊലക്കേസ് ചര്‍ച്ചയായതോടെ തന്നെ ഗ്രീഷ്‌മയുമായുള്ള വിവാഹത്തില്‍ നിന്നും സൈനികൻ്റെ കുടുംബം പിന്മാറിയിരുന്നു. സൈനികന് കൊലയില്‍ പങ്കുണ്ടോ എന്ന് അറിയാന്‍ പൊലീസ് വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. ഗ്രീഷ്‌മയുടെ പ്രണയ വിഷത്തില്‍ പ്രതിശ്രുത വരനായിരുന്ന സൈനികന് പങ്കില്ലെന്ന നിഗമനത്തിലേക്ക് തിരുവനന്തപുരം റൂറല്‍ പൊലീസിലെ ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ജമ്മുവില്‍ നിന്നും പറന്നെത്തി ജില്ലാ ക്രൈംബ്രാഞ്ചിന് നാഗര്‍കോവിലിലെ സൈനികന്‍ മൊഴി നല്‍കിയിരുന്നു. ഷാരോണിനൊപ്പം ഗ്രീഷ്‌മ തൃപ്പരപ്പില്‍ താമസിച്ചതിനെ കുറിച്ച് അറിയില്ല.

ഗ്രീഷ്‌മയുമായുള്ള കല്ല്യാണത്തില്‍ നിന്നും പിന്മാറിയെന്നും പുതിയ വിവാഹാലോചനകളുടെ തിരക്കിലാണെന്നും സൈനികന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇത് ശരി വയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സൈനികൻ്റെ വിവാഹം കഴിഞ്ഞ വാര്‍ത്ത അറിഞ്ഞ ഗ്രീഷ്‌മ പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുടുംബവുമായി അടുപ്പമുള്ള ചില ബന്ധുക്കള്‍ വിവാഹം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുന്നുണ്ട്.
ബന്ധുക്കളെ പോലും അറിയിക്കാതെ ആയിരുന്നോ വിവാഹം നടന്നതെന്നും സംശയമുണ്ട്. ഷാരോണ്‍ കൊലപാതക കേസില്‍ നാഗര്‍കോവിലിലെ സൈനികന് ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാണ് നോട്ടീസ് നല്‍കി ജമ്മു കാശ്മീരില്‍ നിന്നും ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയത്. ക്രൈംബ്രാഞ്ചിൻ്റെ നോട്ടീസ് കൈപറ്റി കമാണ്ടിങ് ഓഫീസറുടെ അനുമതി വാങ്ങിയാണ് സൈനികന്‍ നാഗര്‍ കോവിലിലെ തറവാട് വീട്ടില്‍ എത്തിയത്. അതിന് ശേഷം പിതാവിനൊപ്പം രണ്ട് ദിവസം മുമ്പ് റൂറല്‍ എസ്.പി. ഓഫീസിലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.
സൈനികൻ്റെ മൊഴി പ്രകാരം ഗ്രീഷ്‌മയ്ക്ക് ഷാരോണുമായി അടുപ്പം ഉണ്ടായിരുന്നത് അറിയില്ലയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്. ബന്ധുവഴി വന്ന വിവാഹാലോചന വിശദമായി അന്വേഷിച്ച ശേമാണ് ഉറപ്പിച്ചത്. നല്ല കുടുംബം പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം, മോശമല്ലാത്ത സാമ്പത്തികം ഇതൊക്കെയാണ് വിവാഹം ഉറപ്പിക്കാന്‍ ഘടകമായി മാറിയത്. ജാതക കൈമാറ്റല്‍ ചടങ്ങിന് ശേഷം ദിനവും ഫോണില്‍ സംസാരിച്ചിരുന്നു. അന്നൊന്നും അസ്വഭാവികത തോന്നിയില്ല.
ഷാരോണിൻ്റെ മരണശേഷം യൂട്യൂബ് വഴിയാണ് കാര്യങ്ങള്‍ അറിഞ്ഞത്. പിന്നീട് ടി.വി ന്യൂസിലും കാര്യങ്ങള്‍ അറിഞ്ഞു. ഇതിനിടയില്‍ ഗ്രീഷ്‌മയെ ബന്ധപ്പെട്ടുവെങ്കിലും വാര്‍ത്തകളില്‍ വരുന്നത് സത്യമല്ലന്ന് വാദിക്കാനാണ് അവള്‍ ശ്രമിച്ചത്. പിന്നീട് ഒരു ബന്ധവും ഉണ്ടായിട്ടില്ല. അതോടെ ആ അധ്യായം അടഞ്ഞുവെന്നായിരുന്നു മൊഴി.
ഗ്രീഷ്‌മ ഷാരോണുമായി തൃപ്പരിപ്പില്‍ പോയ ദിവസവും സൈനികനെ വിളിച്ചിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായി. ഇടയ്ക്ക് ലീവിന് വന്നപ്പോള്‍ പുറത്ത് വെച്ച് നേരില്‍ കണ്ടിരുന്നതായും സൈനികന്‍ സമ്മതിച്ചിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഷാരോണിനെ അറിയില്ലെന്ന് മാത്രമല്ല ഇവര്‍ തമ്മിലെ അടുപ്പവും സൈനികന്‍ അറിഞ്ഞിരുന്നില്ലന്ന് അന്വേഷണ സംഘത്തിന് മനസിലായി.
ഗ്രീഷ്‌മയെ തെളിവെടുപ്പിൻ്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടില്‍ എത്തിച്ച വാര്‍ത്ത പുറത്തു വന്നപ്പോഴാണ് ഇവര്‍ തൃപ്പരപ്പില്‍ താമസിച്ച വിവരം സൈനികന്‍ അറിഞ്ഞത്. ഗ്രീഷ്‌മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാന്‍ ഗ്രീഷ്‌മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞത് കൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞിരുന്നു.
