
കാസർകോട്: കാസർകോടിനോടുള്ള വഞ്ചന തുടർന്നാൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽകബളിപ്പിക്കൽ തുടരുകയാണെന്ന് ആരോപിച്ച അദ്ദേഹം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരുൾപ്പെടെ പാരിവാരവുമായി ജില്ലയിലെത്തിയ മന്ത്രി പ്രഖ്യാപിച്ചത് ഡിസംമ്പർ ഒന്നിന്ഒ.പി ആരംഭിക്കുമെന്നാണെന്നും പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഒ.പി. ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ആവശ്യമായ നടപടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് എം.എൽ.എ.ക്ക് ലഭിച്ച കത്തിൽ പറയുന്നത്. പക്ഷെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്നാണ് വ്യക്തമാകുന്നതെന്ന് എൻ. എ നെല്ലിക്കുന്ന് ആരോപിച്ചു.

“തോന്നിയ പോലെ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥന്മാർ കാസർകോട്ടുകാരെ കബളിപ്പിക്കുകയാണ്. ഇതിന് തടയിടാൻ സർക്കാറിന് കഴിയുന്നില്ല. കാസർകോട് മെഡിക്കൽ കോളേജിൽ നിന്ന് നഴ്‌സുമാരും ഡോക്ടർമാരുമടക്കം ജീവനക്കാരെ മറ്റു ജില്ലകളിലേക്ക് ഇപ്പോൾ സ്ഥലം മാറ്റികൊണ്ടിരിക്കുകയാണ്. ജനതയോടുള്ള ക്രൂരതയും വഞ്ചനയുമാണിത്.
കാസർകോട്ടുകാരുടെ പ്രതികരണ ശേഷിയോടുള്ള വെല്ലുവിളിയെ നേരിട്ടെ തീരൂ. സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ തിരിച്ച് കൊണ്ട് വന്ന് ഉടൻ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. കാസർകോട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നവർക്ക് കനത്ത വില നൽകേണ്ടി വരും.”- എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.
