സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ജനുവരി 24ന്‌ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടിയന്ത സാഹചര്യങ്ങൾ അല്ലാത്തപക്ഷം അവധി അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ അന്നേ ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നും ഉത്തരവിലുണ്ട്.

പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് ബുധനാഴ്‌ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് നേരത്തെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്‌മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു.

ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

0Shares