
ജനാധിപത്യ -ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിൻ്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് എന്ന് കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാൽ. ഗവർണറുടെ ഈ സമീപനം ജനാധിപത്യത്തിൻ്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:
ജനാധിപത്യ -ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിൻ്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും ആണെന്ന വസ്തുത നിലനിൽക്കെ തന്നെ, സർവകലാ ശാലകളുടെ സ്വയംഭരണ അവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ പോലും ചോദ്യം ചെയ്യേണ്ടതാണ്.

കേരളത്തിലെ സർവകലാ ശാലകളുടെ സ്വയംഭരണ അവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.
സാങ്കേതിക സർവകലാശാലയിലെ വൈസ്. ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ല.
തിങ്കളാഴ്‌ച 11.30-ന് മുമ്പ് ഒമ്പത് സർവകലാ ശാലകളുടെയും വൈസ്. ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിൻ്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിർക്കപ്പെടേണ്ടതാണ്.
