
ചരക്ക് ട്രെയിനുകൾ കേന്ദ്രസർക്കാർ തടഞ്ഞതിനെതിരേ ഡൽഹി ജന്ദർ മന്ദറിൽ പഞ്ചാബ് മന്ത്രിമാരുടെയും കോൺഗ്രസ് എം.എൽ.എമാരുടെയും പ്രതിഷേധം. മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. ചില പ്രതിപക്ഷ പാർട്ടി അംഗങ്ങളും പ്രതിഷേധത്തിൽ അണിചേർന്നു.
കേന്ദ്ര കാർഷിക നിയമത്തിനെതിരേ പ്രതിഷേധിച്ചതിനാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പഞ്ചാബിൽ സാമ്പത്തിക ഉപരോധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പഞ്ചാബ് സർക്കാർ ആരോപിച്ചു. ഹരിത വിപ്ലവത്തിനും മുമ്പുതന്നെ പഞ്ചാബിലും ഹരിയാണയിലും നിലനിന്നിരുന്ന ഒരു സംവിധാനത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ചോദിച്ചു.

പുതിയ കേന്ദ്ര കാർഷിക നിമയമങ്ങൾ ഇടനിലക്കാരെ ഇല്ലാതാക്കി കർഷകരെ ശാക്തീകരിക്കുമെന്ന കേന്ദ്ര സർക്കാരിന്‍റെ അവകാശവാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിലെ കർഷകർ സംസ്ഥാനത്തേക്കുള്ള ട്രെയിനുകൾ നേരത്തെ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചാബിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്.
കേന്ദ്ര നിയമത്തെ മറികടക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക കാർഷിക നിയമം പാസാക്കിയതോടെ കർഷകർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പഞ്ചാബിലേക്കുള്ള ട്രെയിൻ ഗതാഗതം കേന്ദ്രം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.
