
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീശിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ബുധനാഴ്‌ച മന്ത്രിമാർ നേരിട്ടെത്തി മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി.എൻ വാസവൻ എന്നിവരാണ് ചർച്ചയ്ക്കെത്തുക. രാവിലെ 10 മണിക്കാണ് യോഗം.
സമരം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും മാനേജ്മെണ്ട് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ കോളജ് അടച്ചിട്ടും ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. പിന്നാലെ കോളജിനുള്ളിൽ തുടർന്ന വിദ്യാർഥികൾ മാനേജ്‌മെണ്ടിനെതിരെ പ്രതിഷേധം തുടരുകയായിരുന്നു.

ഇതിനിടെ ഹോസ്റ്റല്‍ തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കോളേജ് ഗേറ്റ് പൂട്ടിയിട്ടു. അധ്യാപകരടക്കം കോളേജില്‍ കുടങ്ങിയതോടെ ഹോസ്റ്റല്‍ തുറന്നു നല്‍കാമെന്ന് മാനേജ്മെണ്ട് ഉറപ്പുനല്‍കി.ഇതോടെ വിദ്യാര്‍ഥികള്‍ ഗേറ്റ് തുറന്നു നല്‍കി.
വിദ്യാര്‍ഥികളുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പോലീസ് ലാത്തിവീശി. കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി അനില്‍കുമാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്നും ഇന്‍റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിൻ്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം.വിദ്യാർഥികളും സമരത്തിലേക്ക് എത്തിയതോടെ കോളേജ് അധികൃതർ ചർച്ചകൾ തയ്യാറായിരുന്നു.
