വൈസ്. ചാൻസലർമാരെ പുറത്താക്കുന്ന ചാന്‍സലറെ തന്നെ സര്‍ക്കാര്‍ പുറത്താക്കും; നിയമ നീക്കങ്ങള്‍ തുടങ്ങി, ഗവർണറുടെ നിയമ വിരുദ്ധ ആവശ്യം വിലപോകില്ലെന്ന് മുഖ്യമന്ത്രി

You are currently viewing വൈസ്. ചാൻസലർമാരെ പുറത്താക്കുന്ന ചാന്‍സലറെ തന്നെ സര്‍ക്കാര്‍ പുറത്താക്കും; നിയമ നീക്കങ്ങള്‍ തുടങ്ങി, ഗവർണറുടെ നിയമ വിരുദ്ധ ആവശ്യം വിലപോകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ചാന്‍സലര്‍ പദവി പൂര്‍ണ്ണമായും എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ നിയമ നടപടികളും അണിയറ നീക്കങ്ങളും. ഇതിനായി നിയമ നിര്‍മ്മാണം നടത്താന്‍ വീണ്ടും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്‌ കനക്കുന്നതിന് ഇടെയാണ്‌ നീക്കം. ഗവർണറുടെ നിയമ വിരുദ്ധ ആവശ്യം വിലപോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ വൈസ്. ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കാണ്. നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്നാട് സര്‍ക്കാറുകള്‍ തീരുമാനിച്ചിരുന്നു. ഇതേ പാത പിന്തുടര്‍ന്ന് കേരളത്തിലും പുതിയ നിയമം നടപ്പാക്കാനാണ് പിണറായി സര്‍ക്കാറിൻ്റെ തീരുമാനം. ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും തെറിപ്പിച്ചാല്‍, യു.ഡി.എഫും പ്രതിരോധത്തിലാകും. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ ഉള്‍പ്പെടെ ഇത്തരമൊരു രീതി സ്വീകരിച്ചതാണ് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നത്. അസാധാരണ നീക്കത്തിലൂടെ സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വൈസ്. ചാന്‍സിലര്‍മാരോടും രാജി ആവശ്യപ്പെട്ട ഗവര്‍ണ്ണറുടെ നടപടിയാണ് സംസ്ഥാന സര്‍ക്കാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് 12 മണിക്കൂര്‍ മാത്രം സാവകാശം നല്‍കിയതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.

ഇതോടെ, ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണെന്ന മുന്നറിയിപ്പുമായി നിയമ മന്ത്രി പി.രാജീവും പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്ന് യു.ജി.സി റെഗുലേഷനില്‍ ഇല്ലെന്ന കാര്യവും അദ്ദേഹം ഗവര്‍ണ്ണറെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. നിയമസഭ നല്‍കുന്ന പദവി മാത്രമാണ് അതെന്നും, ‘സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് അധികാരമെന്നല്ല, ചാന്‍സലര്‍ക്ക് അധികാരമെന്നാണ് ‘സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്ന കാര്യവും നിയമ മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍വകലാശാലയെ പറ്റി സംസാരിക്കുമ്പോള്‍ അവിടെ ഗവര്‍ണറില്ല, ചാന്‍സലര്‍ മാത്രമാണുള്ളത്. പിരിച്ചുവിടാനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ടെന്നും പി.രാജീവ് തുറന്നടിച്ചു. രണ്ട് ദിവസമായി താന്‍ ഭരണഘടന കൂടുതല്‍ പഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമ മന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിനാണ് പി.രാജീവ് ഇത്തരമൊരു മറുപടി നല്‍കിയിരിക്കുന്നത്. ‘ഡോക്‌ട്രിന്‍ ഓഫ് പ്ലഷര്‍’ രാജവാഴ്‌ചയ്ക്ക് വേണ്ടി ബ്രിട്ടീഷ് നിയമപ്രകാരം ഉണ്ടാക്കിയതാണ്. അതുപയോഗിച്ച്‌ പദവി ദുരുപയോഗം ചെയ്യുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മന്ത്രി വിമര്‍ശിക്കുകയുണ്ടായി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ച നേരിടുകയാണ് എന്ന ഗവര്‍ണ്ണറുടെ വിമര്‍ശനത്തിനും പി.രാജീവ് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് എല്ലാ രാജ്യത്തും ഉന്നത പദവി ലഭിക്കുന്നു. 138 രാജ്യങ്ങളിലെ മലയാളി സാന്നിധ്യം കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിൻ്റെ മികവാണ് സൂചിപ്പിക്കുന്നത്. ഇവിടെ വിദ്യാഭ്യാസം മോശമാണെങ്കില്‍ കേരളത്തിന് പുറത്തു പോകുന്നവര്‍ക്ക് ഉന്നത പദവി ലഭിക്കുന്നത് എങ്ങനെയെന്നും മന്ത്രി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ അതിൻ്റെ പ്രചാരകരാകുകയാണെന്നും പി.രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിൻ്റെയും അനുമതി വാങ്ങിയാണ് നിയമ മന്ത്രി ഇത്തരമൊരു പ്രതികരണം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ക്കെതിരെ ഇടതുപക്ഷം പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിനു ശേഷമാണ് , വൈസ്. ചാന്‍സലര്‍മാരുടെ കൂട്ട രാജി ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി ഒരു വിട്ടുവീഴ്‌ചയും ഇല്ലാതെ ഗവര്‍ണ്ണര്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് ഇടതുപക്ഷ നേതൃത്വവും സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചാന്‍സലര്‍ പദവി തെറിപ്പിക്കുന്നതിലൂടെ തിരിച്ചടി ഇനി ഇടതുപക്ഷ സര്‍ക്കാറും തുടങ്ങും. ആര്‍.എസ്.എസ് അജണ്ട ഗവര്‍ണ്ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയകളിലൂടെ സി.പി.എം പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.

കേളത്തിലെ സര്‍വ്വകലാശാലകളിലെ ഒമ്പത് വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിൻ്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നാണ് പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ രാജ്ഭവനിലേക്ക് ഇടതുപക്ഷം പ്രഖ്യാപിച്ച മാര്‍ച്ചും സംഭവബഹുലമായി മാറാനാണ് സാധ്യത.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിൻ്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും സി.പി.എം ആരോപിച്ചിട്ടുണ്ട്. ആര്‍എസ്‌എസ് നേതാവിനെ അങ്ങോട്ടുപോയി കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍, ആര്‍എസ്‌എസിൻ്റെ കുഴലൂത്തുകാരനാണ് താനെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുക ആണെന്നും സി.പി.എം പ്രസ്താവനയില്‍ തുറന്നടിച്ചിട്ടുണ്ട്.

0Shares