
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയെ മാറ്റാനാകില്ലെന്ന് ഹൈക്കോടതി. വിചാരക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയിൽ പറഞ്ഞു.

വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പൈട്ടാണ് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിചാരണക്കോടതി മാറ്റാനാകില്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി വി.ജി അരുൺ ആണ് ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ വിചാരണ പുനരാരംഭിക്കാം. നേരത്തെ വാദം കേൾക്കുന്നതിന്‍റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏർപ്പെടുത്തിയിരുന്നു. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടിയും സർക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി ഇടപെട്ടില്ലെന്ന് ആരോപിച്ചു. കോടതിയിൽ പൊട്ടിക്കരഞ്ഞ അവസ്ഥയുണ്ടായെന്നും ഹർജിയിൽ പറയുന്നു. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയിട്ടില്ല. പ്രതിഭാഗത്തെ 20 -ഓളം അഭിഭാഷകർ കോടതി മുറിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
