
സ്വർണക്കടത്ത് അന്വേഷണം സെക്രട്ടേറിയറ്റിലേക്ക്. സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീണ്ടേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തോടാണ് സി.സി. ടി.വി ദൃശ്യങ്ങൾ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച കത്ത് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്ക് ലഭിച്ചത്.

പി. ഹണിയാണ് ഈ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി. മുഖ്യമന്ത്രിയുമായും അഡീഷണൽ ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട് ദൃശ്യങ്ങൾ നൽകാം എന്ന് അദ്ദേഹം എൻ.ഐ.എയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ സോളാർ കേസിൽ രണ്ട് ദിവസത്തിൽ കൂടുതലുള്ള സി.സി ടി.വി ദൃശ്യങ്ങൾ നൽകാനാകില്ലെന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തോളമുള്ള സി.സി. ടി.വി ദൃശ്യങ്ങൾ സംഭരിച്ചു വയ്ക്കാനാകുമെന്ന് ഈ സർക്കാർ പറയുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നാലുമണിയോടെയാണ് ശിവശങ്കരൻ വീട്ടിൽ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലാണ് നടക്കുന്നത്.