
ഗസ്സ സിറ്റി: ഗസ്സയിലെ വസീം മുസ്തഫയ്ക്ക് നാല് മക്കളാണ്. നാലുപേരും രണ്ടാഴ്‌ചയിലേറെ ആയി സ്‌കൂളില്‍ പോയിട്ടില്ല. കണക്കും ഭൂമിശാസ്ത്രവും പഠിക്കേണ്ടതിന് പകരം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നത് കിട്ടുന്ന വെള്ളം എങ്ങിനെ പങ്കുവെയ്‌ക്കാം എന്നതാണ്.
‘ദിവസവും രാവിലെ ഒരു കുപ്പി വെള്ളം ഞാൻ മക്കള്‍ക്ക് നല്‍കും. ഇത് കൊണ്ട് ഒരു ദിവസം കഴിക്കണമെന്ന് അവരോട് പറയും. തുടക്കത്തില്‍ അവര്‍ക്ക് അത് വലിയ പ്രയാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം ശീലമായി കഴിഞ്ഞു’ -വസീം മുസ്തഫ പറയുന്നു.
ഗസ്സയില്‍ നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതിന് പിന്നാലെ വസീം മുസ്തഫ ഭാര്യയെയും എട്ട് മുതല്‍ 15 വരെ പ്രായമുള്ള മക്കളെയും കൂട്ടി ഖാൻ യൂനിസിലെ അമ്മായിയുടെ വീട്ടിലേക്ക് മാറിയതാണ്. വടക്കൻ ഗസ്സയില്‍ നിന്ന് 11 ലക്ഷം പേരോട് നിര്‍ദയം നാടൊഴിഞ്ഞ് പോകാൻ ഇസ്രായേല്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഖാൻ യൂനിസിലെ ബന്ധുക്കളാണ് അവര്‍ക്ക് വാതില്‍ തുറന്നുകൊടുത്തത്.

ഗസ്സയാകെ കടുത്ത മാനുഷിക ദുരന്ത മുഖത്താണെന്ന് സന്നദ്ധ സംഘടനയായ ഓക്‌സ് ഫാമിന്‍റെ കുടിവെള്ള-ശുചീകരണ ചുമതലയുള്ള ഓഫിസര്‍ മുസ്തഫ ചൂണ്ടിക്കാട്ടുന്നു. ‘ആളുകള്‍ തെരുവുകളിലും കടകളിലും പള്ളികളിലും റോഡിലും കാറുകളിലും ഉറങ്ങുന്ന കാഴ്‌ചയാണ് കാണുന്നത്’ -അദ്ദേഹം പറഞ്ഞു. മുസ്തഫയുടെ കുടുംബം ഉള്‍പ്പെടെ 100ഓളം പേര്‍ 200 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് ദിനങ്ങള്‍ കഴിച്ചുകൂട്ടുന്നത്.
ഗസ്സയിലെ കടകളില്‍ നിന്നെല്ലാം വ്യക്തി ശുചിത്വത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ അപ്രത്യക്ഷമായി. കുടിവെള്ള ശുദ്ധീകരണ ശാലകള്‍ ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. ചെറുകിടക്കാര്‍ കുടിവെള്ളം സൗരോര്‍ജ യന്ത്രങ്ങളുടെ സഹായത്തോടെ ശുദ്ധീകരിച്ച് വില്‍ക്കുന്നുണ്ട്. എന്നാല്‍, ഇതിന് വില ഇരട്ടിയായി.
കുടിവെള്ളത്തിന്‍റെയും ശുചീകരണ സൗകര്യങ്ങളുടെയും കുറവ് കോളറ ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങളുടെ കടന്നുവരവിന് കാരണമാകുമെന്ന് യു.എന്നും ഓക്‌സ് ഫാമും മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രായേല്‍ വൈദ്യുതിയും ഇന്ധനവും നിഷേധിച്ചതിന് പിന്നാലെ ഗസ്സയിലുണ്ടായിരുന്ന 65 സീവേജ് പമ്പിങ് സ്റ്റേഷനുകളും അഞ്ച് മലിനജന ശുദ്ധീകരണ ശാലകളും അടച്ചുപൂട്ടേണ്ടി വന്നു. മാലിന്യം ഇപ്പോള്‍ നേരെ കടലിലേക്ക് ഒഴുകുന്ന സാഹചര്യമാണ്. ഖരമാലിന്യങ്ങളെല്ലാം തെരുവുകളില്‍ കുമിഞ്ഞു കൂടുന്നു.
കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റുകളൊന്നും ഗസ്സയില്‍ പ്രവര്‍ത്തിക്കുന്നില്ല. പലരും ജീവൻ നിലനിര്‍ത്താൻ ശുദ്ധീകരിക്കാത്ത കടല്‍വെള്ളം കുടിക്കാൻ നിര്‍ബന്ധിതരാവുകയാണ്.
ഗസ്സയില്‍ നിലവില്‍ ഒരാള്‍ക്ക് പ്രതിദിനം മൂന്ന് ലിറ്റര്‍ വെള്ളം മാത്രമേ എല്ലാ ആവശ്യങ്ങള്‍ക്കുമായി ലഭ്യമാകുന്നുള്ളൂ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ടോയ്‍ലെറ്റില്‍ ഉപയോഗിക്കാനും ഈ വെള്ളം വേണം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരാള്‍ക്ക് പ്രതിദിനം 50 മുതല്‍ 100 ലിറ്റര്‍ വെള്ളം വരെയാണ് ശരാശരി ഉപയോഗത്തിന് ആവശ്യം. എന്നാല്‍, ഗസ്സയില്‍ ലഭിക്കുന്നതാകട്ടെ വെറും മൂന്ന് ലിറ്റര്‍ മാത്രം.
ഖാൻ യൂനിസിലെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിലീഫിലെ അംഗം പറയുന്നത് ഇങ്ങനെ -‘എന്‍റെ മാതാപിതാക്കളുടെ വീട്ടില്‍ 20 കുട്ടികളും ഏഴ് മുതിര്‍ന്നവരുമാണ് കഴിയുന്നത്. വെള്ളം കിട്ടാത്തതാണ് വലിയ പ്രശ്‌നം. വെള്ളം മിച്ചം പിടിക്കാനായി ദിവസവും രാവിലെയും രാത്രിയും ഓരോ പ്രാവശ്യം മാത്രമാണ് ടോയ്‍ലെറ്റ് ഫ്ലഷ് ചെയ്യാറ്. കുറഞ്ഞ വെള്ളം ഉപയോഗിച്ചാണ് പാചകം. പ്രാര്‍ഥനക്കായി ദിവസം ഒരുനേരം മാത്രം അംഗശുദ്ധി വരുത്തും. അയല്‍ക്കാരന്‍റെ പറമ്പില്‍ കിണറുണ്ട്. എന്നാല്‍ മോട്ടോര്‍ പമ്പ് ചെയ്യാൻ വൈദ്യുതിയോ ഇന്ധനമോ ഇല്ല’ -അവര്‍ പറഞ്ഞു.
തെരുവുകളില്‍ കഴിയുന്നവരുടെ അവസ്ഥയാണ് ഏറെ ദയനീയം. സംരക്ഷണമോ വെള്ളമോ ഭക്ഷണമോ ഇല്ലാതെയും ഒരു തണലുമില്ലാതെയും നവജാത ശിശുക്കളടക്കം പുറത്ത് കഴിയുകയാണ്. നിര്‍ജലീകരണവും ജലജന്യ രോഗങ്ങളും ഏതുസമയത്തും ഇവരില്‍ പടര്‍ന്നു പിടിക്കാമെന്നതാണ് അവസ്ഥ.
