വിശപ്പിൻ്റെ നിലവിളിയിൽ ഗാസ; 23 ലക്ഷം ജനങ്ങള്‍ നരക യാതനയിൽ, ആശുപത്രിയും കൊലക്കളം

You are currently viewing വിശപ്പിൻ്റെ നിലവിളിയിൽ ഗാസ; 23 ലക്ഷം ജനങ്ങള്‍ നരക യാതനയിൽ, ആശുപത്രിയും കൊലക്കളം

ഗാസയിലേക്കുള്ള ഭക്ഷ്യ വസ്‌തുക്കളുടെ വിതരണം നിർത്തിവച്ച്‌ ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ലോക ഭക്ഷ്യ പരിപാടി. ഭക്ഷ്യ വസ്‌തുക്കളുമായി പോകുന്ന ട്രക്കുകൾ നിരന്തരമായി ആക്രമിക്കപ്പെടുന്നതിനാൽ ആണിത്. മാസങ്ങളായി ഭക്ഷണവും മരുന്നും ശുദ്ധജലവും ലഭിക്കാതെ നരകജീവിതം നയിക്കുകയാണ്‌ ഗാസയിലെ 23 ലക്ഷം ജനങ്ങൾ. ആറിൽ ഒരു കുട്ടി കടുത്ത പോഷകാഹാര കുറവ്‌ നേരിടുന്നതായാണ്‌ യുനെസ്കൊ റിപ്പോർട്ട്‌.

ഭക്ഷണവിതരണം പൂർണമായും നിർത്തുന്നത്‌ 7.5 ലക്ഷത്തിൽപ്പരം ആളുകളെ മരണ ശിക്ഷയ്ക്ക്‌ വിധിക്കുന്ന നടപടിയാണ്‌. എന്നാൽ, ക്രമസമാധാനം പൂർണമായും തകർന്ന മുനമ്പിലേക്ക്‌ പ്രവേശിക്കുന്ന ട്രക്കുകൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കാൻ ആകാത്തതിനാലാണ്‌ കടുത്ത തീരുമാനമെടുത്തതെന്ന് ലോക ഭക്ഷ്യ പരിപാടി വിശദീകരിക്കുന്നു.

ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ നാമമാത്ര ട്രക്കുകളെയാണ്‌ അവശ്യ വസ്‌തുക്കളുമായി മുനമ്പിലേക്ക്‌ കടത്തിവിടുന്നത്‌. തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായതിനാൽ മുമ്പും ഭക്ഷ്യവിതരണം പലപ്പോഴായി നിർത്തിയിരുന്നു. വീണ്ടും പുനരാരംഭിച്ചപ്പോഴും ആക്രമണം തുടർന്നു. വിശന്നുവലഞ്ഞ ഗാസ നിവാസികൾ ട്രക്കുകളിൽ നിന്ന്‌ ഭക്ഷണം നേരിട്ട്‌ എടുത്ത്‌ കഴിക്കാൻ ശ്രമിക്കുന്നതും സംഘർഷമുണ്ടാക്കുന്നു.

ഒക്ടോബർ ഏഴിന്‌ ആരംഭിച്ച ഇസ്രയേൽ കടന്നാക്രമണത്തിൽ ഇതുവരെ 29,313 ഗാസ നിവാസികൾ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. വടക്കൻ മേഖലയിൽ രണ്ടുദിവസമായി കനത്ത ആക്രമണം നടക്കുന്നു. ഇവിടെ അവശേഷിക്കുന്നവരിൽ 15 ശതമാനം കൊടും പട്ടിണിയിലാണ്‌.

മേഖലയിലെ യു.എൻ ഭക്ഷ്യവിതരണം മൂന്നാഴ്‌ചയായി പൂർണമായും നിലച്ചിരിക്കുകയാണ്‌. ഗാസയിലെ 90 ശതമാനം ജനങ്ങൾക്കും ദിവസേന രണ്ടുനേരം ഭക്ഷണം ലഭിക്കുന്നില്ല. 14 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന തെക്കേ അറ്റത്തെ റാഫയിൽ അഞ്ചുശതമാനം പേർ കൊടും പട്ടിണിയിലാണ്‌.

ആശുപത്രിയല്ല, കൊലക്കളം: 
യു.എൻ

ഗാസ നിവാസികളുടെ പ്രധാന ആശ്വാസ കേന്ദ്രമായിരുന്ന നാസർ ആശുപത്രി ഇപ്പോൾ കൊലക്കളമായി മാറിയിരിക്കുക ആണെന്ന്‌ സംഘടന. ഭക്ഷണവും വെള്ളവും മരുന്നും വൈദ്യുതിയുമില്ലാതെ 150 പേർ ദിവസങ്ങളായി ആശുപത്രിയിൽ കുടുങ്ങി കിടക്കുകയാണ്‌. വളരെ കുറച്ച്‌ ആരോഗ്യ പ്രവർത്തകർ മാത്രമാണുള്ളത്‌.

ആശുപത്രി ഇടനാഴികളിൽ മൃതദേഹങ്ങൾ കൂടിക്കിടക്കുന്നു. ഇവ നീക്കം ചെയ്യാൻ മാർഗമില്ലാത്തത്‌ മറ്റ്‌ പകർച്ചരോഗ ഭീഷണികളും ഉയർത്തുന്നു- യു.എന്നിൻ്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യാലയം അറിയിച്ചു. ആശുപത്രിയിൽ നിന്ന്‌ 21 പേരെ ബുധനാഴ്‌ച മറ്റിടത്തേക്ക്‌ മാറ്റി.

ഒരു തടവുകാരൻകൂടി മരിച്ചു

ഒക്ടോബർ ഏഴിന്‌ ഗാസയിലേക്ക്‌ കടന്നാക്രമണം തുടങ്ങിയതിന് ശേഷം ഇസ്രയേൽ ജയിലിൽ മരിക്കുന്ന പലസ്തീൻ തടവുകാരുടെ എണ്ണം ഒമ്പതായി. വെസ്റ്റ്‌ ബാങ്കിലെ തുബാസിൽ നിന്ന്‌ 2007ൽ അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഖാലെദ്‌ ഷാവിസ് (53) ആണ്‌ മരിച്ചത്‌.

ഇസ്രയേൽ ജയിലുകളിൽ പലസ്തീൻകാർ ക്രൂരപീഡനത്തിന്‌ ഇരയാകുന്നതായാണ്‌ റിപ്പോർട്ട്‌. കടന്നാക്രമണം ആരംഭിച്ച ശേഷം വെസ്റ്റ്‌ ബാങ്കിൽ ഇതുവരെ തടവുകാർ ഉൾപ്പെടെ 401 പലസ്തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌.

0Shares