
ഉപ്പള / കാസർകോട്: തോക്കും ആയുധങ്ങളുമായി ഓട്ടോറിക്ഷയിൽ കറങ്ങുകയായിരുന്ന സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
ഉപ്പള മജലില്‍ തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ തോക്കും ആയുധങ്ങളുമായി മൂന്നംഗ സംഘം കറങ്ങുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്.ഐ അന്‍സാറും സംഘവും പ്രതികളെ കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രധാന പ്രതി അയാസിനെ സഹോദരന്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു കൊണ്ടുപോയെന്നാണ് വിവരം.
വിവരമറിഞ്ഞ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി ഓടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേരെയും അയാസിൻ്റെ സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് റഈസ് (25), മുഹമ്മദ് ഹനീഫ് (40), അയാസിൻ്റെ സഹോദരന്‍ മുഹമ്മദ് റിയാസ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റിലായവരിൽ നിന്നും നിന്നും റിവോള്‍വറില്‍ നിറയ്ക്കുന്ന ഒരു വെടിയുണ്ടയും മെഗസിനും പിടികൂടിയിരുന്നു.

രക്ഷപ്പെട്ട അയാസിനെയും തോക്ക് ഉള്‍പെടെയുള്ള ആയുധങ്ങളും കണ്ടെടുക്കാന്‍ കാസര്‍കോട് ഡി.വൈ എസ്.പി, വി.വി മനോജിൻ്റെ നേതൃത്വത്തില്‍ വ്യാപക റെയ്‌ഡ് നടത്തി. ആംസ് ആക്‌ട് ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. വെടിയുണ്ടയും മെഗസീനും പിടികൂടിയ വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി സ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു.
പ്രതികളെ ചൊവ്വാഴ്‌ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് തോക്കും തിരയുമടക്കം എവിടെ നിന്ന് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന കർശന നിയമ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്തിടെയായി ഉപ്പളയിലും പരിസരങ്ങളിലും ക്രമസമാധാന പ്രശ്നനങ്ങൾ ഉണ്ടാകുന്നത് പോലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്.
