
മണിപ്പൂർ: ചുരാചന്ദ്പൂർ അതിർത്തിയിൽ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിൽ സംഘർഷമുണ്ടായി. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. അതിനിടെ, ബിഷ്‌ണുപൂരിൽ നാലുപേരെ കാണാതായി.
ബുധനാഴ്‌ച രാത്രിയും വ്യാഴാഴ്‌ച രാവിലെയും മണിപ്പൂരിൽ വിവിധയിടങ്ങളിൽ വെടിവെയ്പ്പ് ഉണ്ടായി. അതിർത്തി ജില്ലകളായ ബിഷ്‌ണുപൂർ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് വെടിവെയ്പ്പ് നടന്നത്. ചുരാചന്ദ്പൂരിൽ കുക്കി ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മെയ്തേയ് സമുദായത്തിൽ പെട്ടവരാണ് മരിച്ചത്.
പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. മേഖലയിൽ കൂടുതൽ സൈനിക വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. ബിഷ്‌ണുപൂരിൽ മലനിരകൾക്ക് സമീപം വിറക് ശേഖരിക്കാൻ പോയ അച്ഛനും മകനുമടക്കം നാലുപേരെ കാണാതായി.

മെയ്തേയ് സമുദായത്തിൽപ്പെട്ട എ.ദാരാ സിംഗ്, ഒ.റോമൻ, ടി.ഇബോംച, മകൻ ടി.ആനന്ദ് എന്നിവരെയാണ് ബുധനാഴ്‌ച മുതൽ കാണാതായതായത്. വാംഗൂ ഗ്രാമവാസികൾ പറഞ്ഞു.
ആയുധ ധാരികളായ കുക്കി വിഭാഗമാണ് ഇവരെ തട്ടിക്കൊണ്ടു പോകുകയോ കൊലപ്പെടുത്തുകയോ ചെയ്‌തതെന്നാണ് നിഗമനം. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. അതിനിടെ ലീമാഖോങ് പവർ സ്റ്റേഷനിൽ വൻ ഇന്ധന ചോർച്ചയുണ്ടായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാൽ താഴ്വരയിലൂടെ കടന്നുപോകുന്ന അരുവികളിലേക്ക് ആണ് ഇന്ധനം ഒഴുകി എത്തിയതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചോർച്ചയെ തുടർന്ന് ചിലയിടങ്ങളിൽ തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
