
കേരളത്തില്‍ വീണ്ടും മദ്യവില്‍പ്പന തുടങ്ങിയതോടെ മദ്യലഹരിയില്‍ 48 മണിക്കൂറുള്‍ക്കിടെ നടന്നത് നാല് കൊലപാതകങ്ങള്‍. ചങ്ങനാശേരിയില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നപ്പോള്‍ മലപ്പുറത്ത് മകന്‍ തളളിവീഴ്ത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു.
മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകം ഉണ്ടായത്. നാല് കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്.
കോട്ടയം ചങ്ങനാശേരിയല്‍ ഉണ്ടായത് അതിദാരുണമായ സംഭവമായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു സംഭവം. മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ജിതിന്‍ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു. കറി കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. പ്രതി കുറ്റംസമ്മതിച്ചു. അതേസമയം, ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂരില്‍ മകന്‍റെ മര്‍ദനത്തില്‍ പിതാവ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ അബൂബക്കര്‍ പിതാവിനെ മര്‍ദിക്കുകയും തള്ളിവീഴ്ത്തുകയുമായിരുന്നു. മുഹമ്മദ് ഹാജിയെ നാട്ടുകാര്‍ ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറത്ത് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്.
കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ നാല് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം താനൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. തലക്കടത്തൂര്‍ സ്വദേശി ശിഹാബുദ്ധീന്‍ ആണ് മരിച്ചത്. നാല് അംഗ സുഹൃത്തുകള്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ, മദ്യം വീതം വേക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.
മദ്യപിച്ച് വാക്കേറ്റത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് ഇന്നലെ രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശ്യാമിനൊപ്പം മദ്യപിച്ച് സുഹൃത്ത് ഒളിവിലാണ്.
