
ഇടുക്കി: പാരമ്പര്യമായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മാങ്കുളം നിവാസികള്‍. ഇവരില്‍ ഒരാളാണ് ആദിവാസിയായ ഗോപാലനും. രണ്ടര ഏക്കറില്‍ കുരുമുളക്, കാപ്പി, കൊക്കൊ എന്നിവയാണ് പ്രധാന കൃഷികള്‍. അതിജീവനത്തിനുള്ള വെട്ടാണ് പുലിയുടെ ജീവനെടുത്തത്.
രാവിലെ കൃഷിയിടത്തിലേക്ക് ഇറങ്ങിയാല്‍ ഒട്ടുമിക്കപ്പോഴും ആഹാരം കഴിക്കാനുള്ള സമയങ്ങളില്‍ മാത്രമാണ് ഗോപാലൻ്റെ വിശ്രമം. ഭാര്യ ബിന്ദുവും മക്കളായ രാമനും സനുവും സിന്ധുവും പറ്റാവുന്ന സഹായങ്ങളുമായി ഗോപാലനൊപ്പം ചേരാറുണ്ട്. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ മകന്‍ രാമന്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് തണലായി വീട്ടിലുള്ളത്. ശനിയാഴ്‌ച രാവിലെയും ഗോപാലന്‍ വീടിനടുത്തുള്ള കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയിയതായിരുന്നു. പൊടുന്നനെയാണ് പുലി ചാടി വീഴുന്നത്.

കൈയ്യിലുണ്ടായിരുന്ന വാക്കത്തി വീശിയെങ്കിലും ആദ്യം പുലിയുടെ ദേഹത്ത് കൊണ്ടില്ലന്നാണ് ഗോപാലൻ്റെ ഓര്‍മ്മ. ഇതിനകം മാന്തും കടിയുമെല്ലാം ഏറ്റിരുന്നു. പിന്നീട് തലങ്ങും വിലങ്ങുമൊക്കെ വാക്കത്തി ആഞ്ഞുവീശി. പുലി നിലംപതിച്ചെങ്കിലും ഭീതി ഗോപാലനെ വിട്ടൊഴിഞ്ഞിരുന്നില്ല. നിലവിളി കേട്ട് അയല്‍വീട്ടിലെ താമസക്കാർ എത്തി. ഇവരാണ് വിവരം പുറത്തറയിക്കുന്നതും നാട്ടുകാർ ഗോപാലനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതും.
പുലിയെ കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. സ്വയരക്ഷ
പരിഗണിച്ചു കൊണ്ടാണ് പുലിയെ കൊന്നതെന്നും അതിനാല്‍ കേസെടുക്കില്ലെന്നുമാണ് മന്ത്രി അറിയിച്ചത്. ആത്മരക്ഷാര്‍ത്ഥം എന്ന നിലയില്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
അതിനായി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതില്‍പ്പെട്ടിരുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയല്ലേ. മന്ത്രി പറഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെയാണ് അമ്പതാംമൈല്‍
സ്വദേശി ഗോപാലനെ പുലി ആക്രമിച്ചത്. കൈക്കും കാലിനും കടിയേറ്റ ഗോപാലന്‍ സ്വയരക്ഷാര്‍ഥം
കൈയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് പുലിക്കു നേരെ വീശുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ പുലി
അവിടെത്തന്നെ ചത്തുവീണു.
മൂന്നു വശവും വനത്താല്‍ ചുറ്റപ്പെട്ട മാങ്കുളത്ത് വന്യമൃഗങ്ങളുടെ കടുത്ത ശല്യമാണ് നാട്ടുകാര്‍ നേരിടുന്നത്. വളര്‍ത്തു മൃഗങ്ങള്‍ അടക്കമുള്ളവയെ പുലിയും മറ്റും പതിവായെത്തി കൊണ്ടുപോയിരുന്നു. അതുപോലെ ആനകള്‍ അടക്കമുള്ളവ കൃഷി നശിപ്പിക്കുന്നതും പതിവാണ്. വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത്
തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ സര്‍ക്കാരിനും വനംവകുപ്പിനും പരാതി നല്‍കിയിരുന്നു.
ഇതിനിടയിലാണ് ഇപ്പോള്‍ നാട്ടിലിറങ്ങി മനുഷ്യനെ ആക്രമിച്ച പുലി കൊല്ലപ്പെട്ടിരിക്കുന്നത്.
