
കോവളത്ത് സ്വീഡിഷ് പൗരനോടുള്ള കേരള പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തില്‍ പ്രതികരണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളത്തിൻ്റെ മദ്യ സംസ്‌കാരവും ടൂറിസ്റ്റുകളോടുള്ള മനോഭാവവും മാറണമെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്.സ്വീഡിഷ് പൗരന് പുതുവര്‍ഷത്തലേന്ന് നേരിട്ട അനുഭവങ്ങള്‍ ടൂറിസം മേഖലയെ തകര്‍ക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തെരുവുഗുണ്ടയോട് പെരുമാറുന്ന പോലെ ഒരു വിദേശിയോട് പെരുമാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.”ഒരു തെരുവുഗുണ്ടയോടോ ആഭാസത്തരം കാണിക്കുന്ന ആളോടോ പെരുമാറുന്ന പോലെ തന്നെ പൊലീസ് ഒരു വിദേശിയോട് പെരുമാറേണ്ട ആവശ്യമില്ല. കാരണം അവര്‍ കുറച്ചു കൂടി സിവിലൈസ്ഡ് ആയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് വരുന്നവരും നമ്മുടെ ഒരു അതിഥി എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ആളുകളുമാണ്.നമ്മുടെ വീട്ടില്‍ അംഗങ്ങളോട് പെരുമാറുന്ന പോലെ ആയിരിക്കുകയില്ലല്ലോ വീട്ടിലൊരു അതിഥി വന്നാല്‍ പെരുമാറുന്നത്,” അദ്ദേഹം ചോദിച്ചു.

മദ്യം ഇത്രയും നാണംകെട്ട രീതിയില്‍ വില്‍ക്കുന്ന സംവിധാനം കേരളത്തിലെ പോലെ വേറെ ഒരിടത്തുമില്ലെന്നും സന്തോഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലേത് പോലെ ബീവറേജസ് കോര്‍പറേഷന് മുന്നില്‍ ക്യൂ നിന്ന് വെയില്‍ കൊണ്ട് മദ്യം വാങ്ങേണ്ട ഗതികേട് ലോകത്ത് ഒരിടത്തുമുണ്ടാവില്ല. മാന്യമായിട്ട് വേണം മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത്,” സന്തോഷ് ജോര്‍ജ് കുളങ്ങര പ്രതികരിച്ചു.
കേരളത്തില്‍ വെച്ചുണ്ടാവുന്ന മോശം പെരുമാറ്റം വിദേശികള്‍ അവരുടെ നാടുകളില്‍ ചര്‍ച്ച ചെയ്യുമെന്നും അത് കേരളത്തിന് തന്നെ നാണക്കേടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”ഈ വരുന്ന ഓരോ ടൂറിസ്റ്റും പണം നല്‍കുന്നവരാണ്. നമ്മുടെ അതിഥിയാണ്. കോടിക്കണക്കിന് രൂപയാണ് ഇവരെ ക്ഷണിക്കാന്‍ വേണ്ടി മുടക്കുന്നത്.”ടൂറിസം വളര്‍ത്താന്‍ വേണ്ടി, ഏകദേശം നൂറുകോടിയോളം രൂപ പ്രമോഷന് വേണ്ടി മാത്രം മുടക്കുന്ന സംസ്ഥാനമാണ്.
അതായത് ഒരു വര്‍ഷം ഏകദേശം 75 കോടിക്കും 100 കോടിക്കും ഇടയില്‍ മാര്‍ക്കറ്റിംഗ് ആക്റ്റിവിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ മുടക്കുന്നുണ്ട്. അതായത് കേരളത്തെ ലോകത്തിന് പരിചയപ്പെടുത്താനും കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരാനും അതിന് വേണ്ടി അഭ്യര്‍ത്ഥിക്കാനും അതിന് വേണ്ടി പരസ്യം ചെയ്യാനും ട്രാവല്‍ ഫെയറുകളില്‍ പങ്കെടുക്കുന്നതിനും ഒക്കെ വേണ്ടി ഏകദേശം 100 കോടിയോളം മുടക്കുന്നുണ്ട്.എന്തിന് വേണ്ടിയാണിതൊക്കെ മുടക്കുന്നത്? ഒരാള്‍ ഇവിടെ വരുമ്പോള്‍ ഇങ്ങനെയാണ് പൊലീസ് അല്ലെങ്കില്‍ പൊതുജനം, സമൂഹം പെരുമാറുന്നത് എങ്കില്‍, സര്‍ക്കാര്‍ സംവിധാനം പെരുമാറുന്നത് എങ്കില്‍, കാശു മുടക്കി ചെയ്യുന്ന ഈ പ്രവര്‍ത്തിയെല്ലാം വേസ്റ്റായി എന്നല്ലേ അതിനര്‍ത്ഥം?- അദ്ദേഹം ചോദിക്കുന്നു.
