
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി ഡോളർ കടത്ത് കേസിൽ ഉൾപ്പെടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷം കെ.പി.സി.സി നേതാക്കളോടൊപ്പം ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡോളർ കടത്ത് കേസിലെ പ്രതികൾ മൊഴി നൽകിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് എന്ന് കെ. സുധാകരൻ ചോദിച്ചു. സമൂഹത്തിൽ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ പരാതിയിൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തില്ലേ, ഉമ്മൻ ചാണ്ടിക്കെതിരേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയില്ലേ?.
അന്ന് പിണറായി വിജയൻ പറഞ്ഞതെന്താ- അന്ന് പറഞ്ഞത് ഭരണാധികാരികൾ സംശയത്തിന്‍റെ നിഴലിൽ വന്നാൽ ഭരണാധികാരികൾ അധികാരത്തിൽ തുടരുന്നത് ശരിയല്ല എന്നാണ്. എന്തുകൊണ്ടാണ് ഇപ്പോൾ കേസെടുക്കണമെന്ന് ആവശ്യപ്പെടാത്തതെന്ന് അദ്ദേഹം ചോദിച്ചു.
