
ലോക്ഡൗണ്‍ കാലത്ത് ഭക്ഷണത്തിനുപുറമെ വീട്ടുസാധനങ്ങളും പലചരക്ക് സാധനങ്ങളും ഓണ്‍ലൈന്‍ വഴി എത്തിക്കുന്ന സംവിധാനം ഒരുങ്ങിയിരുന്നു. ഇപ്പോഴിതാ ഫ്‌ളിപ്കാര്‍ട്ടിന്‍റെ അതിവേഗ ഡെലിവറി സംവിധാനം എത്തുന്നു. നിങ്ങള്‍ക്ക് വേണ്ട അവിശ്യസാധനങ്ങള്‍ വെറും 90 മിനിട്ടിനുള്ളില്‍ വീട്ടിലെത്തും

ആമസോണിന് വെല്ലുവിളിയുമായി ഫ്‌ളിപ്കാര്ട്ടിന്റെ ഹൈപ്പര്‍ലോക്കല്‍ സര്‍വ്വീസ് എത്തി. ഇ – കൊമേഴ്‌സ് മേഖലയില്‍ ആമസോണിനെതിരെ ശക്തമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഫ്‌ലിപ്കാര്‍ട്ടിന്‍റെ നീക്കം. ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഹൈപ്പര്‍ലോക്കല്‍ സര്‍വീസ് ആയ ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക് വഴിയാണ് പലചരക്ക് സാധനങ്ങളും ഒപ്പം മൊബൈല്‍ ഫോണുകളും സ്റ്റേഷനറി സാധനങ്ങളും ഉള്‍പ്പെടെയുള്ളവ വില്ക്കാനൊരുങ്ങുന്നത്.
ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക് എന്ന് മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. അതേസമയം, ബെംഗലൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക് ആദ്യമായി അവതരിപ്പിക്കുക. നിലവിലെ ധ്രുതഗതിയിലുള്ള ഡെലിവറി സേവനങ്ങളെക്കാള്‍ മുന്നിലെത്താനും ആമസോണ്‍, ആലിബാബ ഗ്രൂപ്പിന്‍റെ ബിഗ്ബാസ്‌ക്കറ്റ് എന്നിവയെ പിന്തള്ളാനുമാണ് ഫ്‌ളിപ്കാര്‍ട്ടിന്‍റെ ലക്ഷ്യം.
