യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രായപൂർത്തി ആകാത്തയാൾ ഉൾപ്പെടെ അഞ്ചുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രായപൂർത്തി ആകാത്തയാൾ ഉൾപ്പെടെ അഞ്ചുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

ചെന്നൈ: നാൽപതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവിലങ്കുളം സ്വദേശി ശ്രീനിവാസൻ (42), വെങ്കടാചലപുരം സ്വദേശി ജയകുമാർ (23), രാംകുമാർ (20), അളകരാജ് (19), പതിനേഴുകാരൻ എന്നിവരാണ് പിടിയിലായത്. ഏഴംഗ സംഘം കാറില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്ത് 22ന് വൈകുന്നേരം തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടയിലാണ്‌ സംഭവം.

ടൗണിലേക്ക് പോകാനായി വിരുദുനഗറിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി. അപ്പോൾ പരിചയമുള്ള മുത്തുസെൽവൻ സഞ്ചരിച്ചിരുന്ന കാർ‌ വന്നു. ടൗണിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ കാറിൽ കയറ്റിയത്.

ഗോപാലപുരം റോഡിൽ അറുപ്പുക്കോട്ടയ്ക്ക് സമീപം പാലവനാട്ടിൽ പോവുകയായിരുന്നു കാർ. തുടർന്ന് കാർ ഒരിടത്ത് നിർത്തി യുവതിയും മുത്തുസെൽവനും സംസാരിച്ചു നിൽക്കുകയായിരുന്നു. ആ സമയം മോട്ടോർ സൈക്കിളിലും കാറിലുമായി ഏഴ് അംഗസംഘം എത്തി കാർ ഡ്രൈവറെയും മുത്തുസെൽവനെയും ആക്രമിച്ച് യുവതിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി.

കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതിന് പിന്നാലെ യുവതിയുടെ സ്വർണാഭരണങ്ങളും സംഘം തട്ടിയെടുത്തു. യുവതിയെ കാറിൽ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നത് കണ്ട ആരോ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നതും തുടർന്ന് അതേ സ്ഥലത്തേക്ക് കാറിൽ വന്ന സംഘം പെൺകുട്ടിയെ തള്ളിയിടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

പൊലീസ് എത്തിയതോടെ ഏഴംഗ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. മറ്റ് രണ്ടുപേരും ഓടി രക്ഷപ്പെട്ടു. ഒരു കാറും ബൈക്കും സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

0Shares