
ലഖ്‌നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകള്‍ക്ക് ഒരുങ്ങുന്ന പുതിയ ശ്രീരാമ വിഗ്രഹത്തിൻ്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22നാണ് പ്രതിഷ്‌ഠാ ചടങ്ങുകള്‍. കൃഷ്‌ണശിലയില്‍ നിര്‍മിച്ചിട്ടുള്ള വിഗ്രഹം നില്‍ക്കുന്ന രീതിയിലാണുള്ളത്. 51 ഇഞ്ചാണ് വിഗ്രഹത്തിൻ്റെ ഉയരം. അഞ്ചുവയസുള്ള കുട്ടിയായാണ് രാമനെ ചിത്രീകരിച്ചിട്ടുള്ളത്.
മൈസൂരുവില്‍ നിന്നുള്ള ശില്‍പി അരുണ്‍ യോഗി രാജാണ് വിഗ്രഹം കൊത്തിയെടുത്തത്. നിലവില്‍ വിഗ്രഹത്തിൻ്റെ മുഖവും നെഞ്ചും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണികൊണ്ട് മറച്ച നിലയിലാണുള്ളത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് വിഗ്രഹം ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചത്.

സി.എൻ.എൻ- ന്യൂസ് 18 ചെയ്‌ത റിപ്പോർട്ട് അനുസരിച്ച്, ശ്രീരാമൻ്റെയും (രാം ലല്ല വിരാജ്‌മാൻ) അദ്ദേഹത്തിൻ്റെ സഹോദരന്മാരുടെയും യഥാർത്ഥ വിഗ്രഹങ്ങൾ ശ്രീകോവിലിനുള്ളിലെ പുതിയ വിഗ്രഹത്തിന് മുന്നിൽ സ്ഥാപിക്കും.
1949 മുതൽ ആരാധിച്ചു വരുന്ന യഥാർത്ഥ വിഗ്രഹങ്ങൾ നിലവിൽ പരിസരത്തിനുള്ളിലെ താൽക്കാലിക ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നു, ജനുവരി 22ലെ ‘പ്രാണ പ്രതിഷ്‌ഠാ’ ചടങ്ങിന് മുന്നോടിയായി ഇവയെ ‘ഗർഭഗൃഹ’ത്തിന് ഉള്ളിലേക്ക് മാറ്റും. ജനുവരി 20, 21 തീയതികളിൽ ക്ഷേത്ര സമുച്ചയം അടച്ചിടും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
പ്രതിഷ്‌ഠാ കര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നു നല്‍കുമെന്നാണ് വിവരം. പ്രാണ പ്രതിഷ്‌ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി 11,000ല്‍ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.
