ടോവിനോ സിനിമ ‘മിന്നല്‍ മുരളി’യുടെ ആലുവ മണപ്പുറത്ത് നിർമ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing ടോവിനോ സിനിമ ‘മിന്നല്‍ മുരളി’യുടെ ആലുവ മണപ്പുറത്ത് നിർമ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ തകര്‍ത്തു

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ കൂറ്റന്‍ സെറ്റാണ് വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
ക്ഷേത്രത്തിന് മുന്നിലാണ് ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് ഇട്ടെന്ന് ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.

സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളം ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘കാലടി മണപ്പുറത്ത് മഹാദേവന്‍റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.

സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ’. എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാവും പ്രതികരിച്ചത്. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

0Shares