ഇലവീഴാ പൂഞ്ചിറ ഒരുങ്ങുന്നു; മലയാള സിനിമയില്‍ കാക്കി തരംഗം, കേരള പൊലീസില്‍ സിനിമാക്കാര്‍ കൂടുന്നു

You are currently viewing ഇലവീഴാ പൂഞ്ചിറ ഒരുങ്ങുന്നു; മലയാള സിനിമയില്‍ കാക്കി തരംഗം, കേരള പൊലീസില്‍ സിനിമാക്കാര്‍ കൂടുന്നു

മലയാള സിനിമ ലോക വ്യാപകമായി പ്രശംസകള്‍ നേടെ കൂടുതല്‍ പൊലീസുകാര്‍ സിനിമ പ്രവര്‍ത്തകർ ആകുകയാണ്. മലയാള സിനിമയ്ക്ക് പുതിയ തീമുകളും, വ്യാഖ്യാന ശൈലികളും കൊണ്ടുവരുന്ന സിനിമ പ്രവര്‍ത്തകരില്‍ പൊലീസുകാരുടെ എണ്ണം കൂടുന്നതാണ് ഇപ്പോഴത്തെ ഒരു കാര്യം. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇലവീഴാ പൂഞ്ചിറയില്‍’ കേരള പൊലീസിലെ പത്തോളം പേരാണ് അണിനിരക്കുന്നത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങള്‍ എഴുതിയ സീനിയര്‍ പൊലിസ് ഓഫീസര്‍ ഷാഹി കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മണിയാര്‍ പോലീസ് ക്യാമ്പില്‍ ആയിരിക്കെയാണ് ഇലവീഴാ പൂഞ്ചിറ ചിന്തയില്‍ വന്നതെന്നും, സുഹൃത്തുക്കള്‍ക്ക് ഇടയില്‍ അത് ചര്‍ച്ചയായെന്നും, സൗഹൃദത്തില്‍ നിന്നാണ് ചിത്രമുണ്ടായതെന്നും ഷാഹി കബീര്‍ പറയുന്നു. പൊലീസ് ഓഫീസര്‍മാരായ നിധീഷ് ജിയും ഷാജി മരാടും ചേര്‍ന്ന് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു വനിത ഓഫീസര്‍ ഉള്‍പ്പടെ ആറ് പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷാഹി കബീറിന് മുമ്പും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടറായി വേഷമിട്ട സിബി തോമസ് മലയാളിക്ക് പരിചിതനാണ്.

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി കേന്ദ്ര കഥാപാത്രമായ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സിബി തോമസും, പി.എസ് സുബ്രഹ്മണ്യനും ചേര്‍ന്നാണ്. അരൂര്‍ സി.ഐ ആയ പി.എസ് സുബ്രഹ്മണ്യന്‍ തന്നെയാണ് അടുത്തിടെ പുറത്തിറങ്ങിയ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഹെവനും’ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

“മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഞങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവിതത്തെ അടുത്ത് കാണാന്‍ കഴിയും. കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യ ജീവിതത്തിൻ്റെ നിസ്സഹായാവസ്തയ്ക്കും ഞങ്ങള്‍ സാക്ഷികളാണ്. ഇത് ഞങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് നല്‍കുന്നു,” ഇലവീഴാ പൂഞ്ചിറയ്ക്ക് തിരക്കഥ ഒരുക്കിയ നിധീഷ് പറയുന്നു.

“അഭിനയത്തിലും എഴുത്തിലുമെല്ലാം കഴിവുള്ള ചെറുപ്പക്കാര്‍ ഇനിയും സേനയില്‍ ഉണ്ട്,”പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ഇലവീഴാ പൂഞ്ചിറയുടെ സഹ എഴുത്തുകാരനുമായ ഷാജി മരാട് പറയുന്നു.

മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള പഴയകാല നടന്‍ സത്യന്‍, കെ.പി.എ.സി അസീസ്, ജഗന്നാഥ വര്‍മ്മ, ഭീമന്‍ രഘു, അബു സലീം തുടങ്ങി എക്കാലവും കേരള പൊലീസില്‍ നിന്നുള്ള പ്രതിഭകള്‍ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. ആ നിര ഇനിയും നീളുകയേ ഉള്ളൂ.

0Shares