
കാസർകോട്: സംസ്ഥാന സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി മെയ് മൂന്നിന് കാഞ്ഞങ്ങാട് പഴയ ബസ്സ്സ്റ്റാന്റില്‍ നിന്നും ആലാമിപ്പള്ളി വരെ വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കാന്‍ പ്രാദേശിക സംഘാടക സമിതി ഉപസമിതി യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിക്കും.
കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ, അജാനൂര്‍ , മടിക്കൈ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബശ്രീ, ഹരിത കര്‍മസേന, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരക്കും. വിവിധ വകുപ്പുകളും ഘോഷയാത്രയില്‍ അണിനിരക്കും. ഒപ്പം പോലീസ്, എന്‍.എസ്.എസ്, എസ്.പി.സിയും ഭാഗമാകും. ശിങ്കാരിമേളം, നാടന്‍ കലകളുടെ പ്രദര്‍ശനം, അനൗണ്‍സ്‌മെന്റ് എന്നിവ മുന്‍നിരയില്‍ അണിനിരക്കും.
ഘോഷയാത്രയില്‍ പങ്കെടുക്കുന്ന മികച്ച പ്ലോട്ടുകള്‍ക്ക് സമ്മാനം നല്‍കും. മേളയുടെ പ്രചരണത്തിൻ്റെ ഭാഗമായി മെയ് രണ്ടിനു കാഞ്ഞങ്ങാട് പത്രസമ്മേളനം സംഘടിപ്പിക്കും. എപ്രില്‍ 28ന് കാഞ്ഞങ്ങാട് ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തും. ഏപ്രില്‍ 26, 27 ദിവസങ്ങളില്‍ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കും.
മേളയുടെ സമഗ്ര വാര്‍ത്താ കവറേജ് നടത്തുന്ന മികച്ച ദൃശ്യ, അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കും. കാഞ്ഞങ്ങാട് ആര്‍.ഡി ഓഫീസില്‍ സബ് കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് അധ്യക്ഷനായി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള, ഘോഷയാത്ര ഉപസമിതി ചെയര്‍മാന്‍ പി.അഹമ്മദ് അലി, കണ്‍വീനര്‍ എം.എസ്.ജയചന്ദ്രന്‍, സ്വീകരണ ഉപസമിതി കണ്‍വീനര്‍ കെ.ഭാനുപ്രകാശ്, അനുബന്ധ പരിപാടികള്‍ ഉപസമിതി കണ്‍വീനര്‍ വേണു പെരളം, മീഡിയ ഉപസമിതി കണ്‍വീനര്‍ ടി.കെ.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ പരിപാടികള്‍ വിശദീകരിച്ചു.
