
പത്തനംതിട്ട: കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഇടുക്കി കുമളി സ്വദേശികളായ അച്ഛനും രണ്ട് പെൺമക്കളുമാണ് മരിച്ചത്. മല്ലപ്പള്ളിക്ക് അടുത്ത് വെണ്ണിക്കുളത്താണ് സംഭവം കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു, മക്കളായ ഫേബാ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച രാവിലെ എട്ട് മണിയോടെ വെണ്ണിക്കുളം കല്ലുപാലത്തിൽ വച്ച് നിയന്ത്രണം തെറ്റിയ കാർ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അറ്റിലേക്ക് മറിഞ്ഞ കാർ നാട്ടുകാരും ഫയർഴ്‌സും ചേർന്ന് അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം. ഇരുപത് മിനിട്ടോളം കാർ വെള്ളത്തിലൂടെ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടകാരണത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുത്തിയൊലിച്ചു ഒഴുകുന്ന പമ്പാനദിയിൽ ഒരാളെ കാണാതായി. ഇയാൾക്കായി തിരച്ചിൽ വ്യാപകമാക്കി.
പെരുമഴയില്‍ മൂന്നു മരണവും വ്യാപക നാശനഷ്ടവുമുണ്ടായി. മണ്ണിടിഞ്ഞും റോഡില്‍ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഉരുള്‍ പൊട്ടിയ ഇരിമാപ്രയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന നിലയിലാണ്.
