
ഫാദേഴ്‌സ്ഡേ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പി.വിജയന്‍ ഐ.പി.എസ്. ഒരുദിവസം ആരംഭിക്കുന്നത് അച്ഛനെയും അമ്മയെയും ഗുരുക്കന്മാരെയും വന്ദിച്ചു കൊണ്ടാണ്. ഫാദേഴ്‌സ്ഡേക്ക് വേണ്ടി പ്രത്യേകമായി അച്ഛനെ ഓര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
1992 ല്‍ യു.ജി.സി പരീക്ഷയുടെ തയാറെടുപ്പിനായി സുഹൃത്ത് ആലുവക്കാരനായ അബ്ദുല്‍ കരീം വീട്ടില്‍ താമസിച്ചിരുന്നു. കരീം അടുത്തുള്ള ഒരു പള്ളിയില്‍ പോയി അഞ്ചുനേരം നമസ്‌കരിക്കുമായിരുന്നു. ബാബരി മസ്ജിദ് തകര്‍പ്പെട്ട ദിവസം കരീം പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, പുറത്തേക്ക് പോകണ്ടായെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു. അച്ഛനെന്താ അങ്ങനെ പറഞ്ഞത്, ഇനി കരീം എങ്ങനെ നമസ്കരിക്കും? അച്ഛന്‍ പറഞ്ഞു കരീം പൂജാമുറിയില്‍ നമസ്ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജാമുറിയിലാണ് നമസ്കരിച്ചത്. അത് കൊണ്ട് ഞങ്ങളുടെ ആരുടേയും വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല, കരീമിൻ്റെ വിശ്വാസത്തിനും ഒന്നും സംഭവിച്ചില്ല. – പി.വിജയന്‍ ഐ.പി.എസ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:
ഞങ്ങളുടെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് മൂന്ന് വര്‍ഷത്തോളമായി. എൻ്റെ ഒരുദിവസം ആരംഭിക്കുന്നത് അച്ഛനെയും അമ്മയെയും ഗുരുക്കന്മാരെയും വന്ദിച്ചു കൊണ്ടാണ്. Father’s Dayക്ക് വേണ്ടി പ്രത്യേകമായി അച്ഛനെ ഓര്‍ക്കേണ്ട കാര്യമില്ല എങ്കിലും, ഇന്ന് ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് എന്താണ് അദ്ദേഹം എന്നില്‍ ബാക്കി വച്ച് പോയത് എന്നാണ്. അതില്‍ പ്രധാനം, വിശ്വാസം എന്നും വ്യക്തിപരമാണ്, അതിൻ്റെ അടിസ്ഥാനത്തില്‍ ആരെയും വകതിരിച്ചു കാണേണ്ടതില്ല. അച്ഛന്‍ രണ്ടു നേരം പ്രാര്‍ത്ഥിക്കുന്ന വലിയ ഒരു ഭക്തനായിരുന്നു. പക്ഷേ അതൊരിക്കലും ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിനെ ബാധിച്ചിരുന്നില്ല.
എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്, 1992-ല്‍ ബാബറി മസ്ജിദ് പൊളിക്കപ്പെട്ട ദിവസം രാജ്യമെമ്പാടും എന്നപോലെ എൻ്റെ നാടും ജാഗ്രതയിലായിരുന്നു. ആ സമയത്ത് UGC പരീക്ഷയുടെ തയ്യാറെടുപ്പിനായി എൻ്റെ സുഹൃത്ത് ആലുവക്കാരനായ അബ്ദുല്‍ കരീം എൻ്റെ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. കരീം അടുത്തുള്ള ഒരു പള്ളിയില്‍ പോയി അഞ്ചുനേരം നമസ്‌കരിക്കുന്ന ആളായിരുന്നു. ആ സമയത്ത് പൂജാമുറി ഒഴിച്ച് വീടിൻ്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും പണികള്‍ നടക്കുന്നുണ്ട്. ആ ഡിസംബര്‍ ആറിന്, വൈകുന്നേരത്തോടെ വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം, കരീം പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, പുറത്തേക്ക് പോകണ്ടായെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു, അച്ഛനെന്താ അങ്ങനെ പറഞ്ഞത്, ഇനി കരീം എങ്ങനെ നമസ്കരിക്കും? അച്ഛന്‍ പറഞ്ഞു കരീം പൂജാമുറിയില്‍ നമസ്ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജാമുറിയിലാണ് നമസ്കരിച്ചത്. അത് കൊണ്ട് ഞങ്ങളുടെ ആരുടേയും വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല, കരീമിൻ്റെ വിശ്വാസത്തിനും ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ എല്ലാവരും ഈശ്വരൻ്റെ ശക്തിയില്‍ വിശ്വസിക്കുന്ന ആള്‍ക്കാരാണ്. എന്നാല്‍ അത് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും സഹപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിലും ഒരു ഘടകം ആകാതിരുന്നതിന് കാരണം അന്ന് അച്ഛന്‍ കാണിച്ചു തന്ന മാതൃകയാണ്.

മറ്റൊന്ന്, അച്ഛന്‍ ഒരിക്കലൂം ധനികനായിരുന്നില്ല. എന്നാല്‍ ഒരു സാമ്പത്തിക പ്രതിസന്ധിയിലും അച്ഛന്‍ സത്യത്തിന് നിരക്കാത്തത് ഒന്നും ചെയ്യാന്‍ അനുവദിക്കുമായിരുന്നില്ല, അച്ഛന്‍ ചെയ്യാറുമില്ലായിരുന്നു. ഇന്നും പ്രതിസന്ധികള്‍ വരുമ്പോള്‍ ശരിയുടെ പക്ഷത്തു ഉറച്ചു നില്ക്കാന്‍ ഞങ്ങള്‍ക്ക് ശക്തി തരുന്നത് അച്ഛൻ്റെ ചിന്തകളാണ്. ഇനിയൊന്ന്, അച്ഛന്‍ ഒന്നിലും അക്ഷമനായിരുന്നില്ല, അതിയായ വ്യാകുലതയും അച്ഛനുണ്ടായിരുന്നില്ല. സ്വന്തം കുട്ടികളുടെ കാര്യത്തില്‍ പോലും ഒരുപാട് അന്വേഷണങ്ങള്‍ അച്ഛന്‍ ചെയ്യുമായിരുന്നില്ല. ഞങ്ങള്‍ എന്ത് പഠിക്കുന്നു, എവിടെ പോകുന്നു എന്നൊന്നും അച്ഛന്‍ അധികം ചിന്തിച്ചു വിഷമിച്ചിരുന്നില്ല. അച്ഛന്‍ തൻ്റെ സ്നേഹം അങ്ങനെ പ്രകടിപ്പിക്കാറും ഉണ്ടായിരുന്നില്ല. എന്നാലും 88-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ അച്ഛന്‍ എന്നത് വളരെ ഉജ്ജ്വലമായ ഒരു സാന്നിദ്ധ്യമായി ഞങ്ങളുടെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. എന്നും ധ്യാനിക്കുന്ന അച്ഛനെ ഇന്നത്തെ ഈ വിശേഷ ദിവസത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് ഭൗതികമായ സമ്പത്തിന് അപ്പുറം മനുഷ്യ ബന്ധങ്ങളെ വിലമതിച്ചു കൊണ്ട് എല്ലാവരോടും ഇടപഴകി ജീവിക്കാന്‍ എന്നെ സജ്ജമാക്കി എന്ന നിലയിലാണ്. ആ ഓര്‍മ്മകള്‍ ഇനിയും ഇതേ പാതയില്‍ മുന്നോട്ട് പോകാന്‍ ശക്തി തരട്ടെ!
