
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെയും തുര്‍ക്കിയുടെയും മണ്ണില്‍ നിന്ന് ഓരോ ദിവസവും കാണുന്ന കാഴ്‌ചകള്‍ ലോകത്തിൻ്റെ ഹൃദയം തകര്‍ക്കുന്നതാണ്. ഉറ്റവരും ഉടയവരും, ഒരായുസില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സമ്പത്തും, എല്ലാ നഷ്ടപ്പെട്ട് നിര്‍വികാരതയോട് കൂടി നില്‍ക്കുന്ന മനുഷ്യരാണ് ആ ദുരന്ത ഭൂമിയില്‍ ബാക്കിയുള്ളത്.
അത്തരത്തിലൊരു ചിത്രമാണ് ഫോട്ടോഗ്രാഫര്‍ അഡെം ആള്‍ട്ടന്‍ പകര്‍ത്തിയത്. ദുരന്തത്തില്‍ തകര്‍ന്ന കെട്ടിടത്തിൻ്റെ അകത്ത് മരിച്ച് കിടക്കുന്ന മകളുടെ കൈയില്‍ പിടിച്ചിരിക്കുന്ന നിസ്സഹായനായ പിതാവ്.

മെസ്യൂട്ട് ഹാന്‍സ് എന്നാണ് അദ്ദേഹത്തിൻ്റെ പേര്. 15 വയസ്സുള്ള മകള്‍ ഇര്‍മാക് അവളുടെ കട്ടിലില്‍ മരിച്ചുകിടക്കുകയാണ്. വീട് തകര്‍ന്ന് അവള്‍ക്ക് മുകളില്‍ വീണിട്ടുണ്ട്. എങ്കിലും ആ മരണത്തെ അംഗീകരിക്കാതെ മകള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് ആ അച്ഛന്‍.
തുര്‍ക്കിയിലും സിറിയയിലും ഇത്തരത്തിലുള്ള ദുരന്തക്കാഴ്‌ചകള്‍ ആവര്‍ത്തിക്കുകയാണ്. രക്ഷാപ്രവര്‍ത്തകർ പ്രതീക്ഷയോടെ ഓരോ ജീവനും വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
