
തിരുവനന്തപുരം: ടാങ്കർലോറിയിലേക്ക് കാർ ഇടിച്ചു പേരൂർക്കട സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടു. വാഹനാപകട മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റും കാറിനുള്ളിലെ കുറിപ്പും. മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തശേഷമായിരുന്നു ആത്മഹത്യ. ഇന്ധന ടാങ്കറിൻ്റെ നിയന്ത്രണം നഷ്ടമാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. മാമം പാലത്തിന് സമീപം ചെവ്വാഴ്‌ച അർധരാത്രി 12നാണ് ദാരുണ സംഭവം.

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ഇവർ. തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒൻപത് മാസമായി വിദേശത്താണ്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നു. വിദേശത്ത് നിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേ തുടർന്ന് ആത്മഹത്യാ കുറിപ്പ് പ്രകാശ് തയാറാക്കി വച്ചിരുന്നു.
പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാ കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. മോൾ അച്ഛനോട് ക്ഷമിക്കണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ചെവ്വാഴ്‌ച രാത്രി 10.59ന് ‘എൻ്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന് പ്രകാശ് ഫെയ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് എത്തിയ ഇവർ വാഹനം ടാങ്കറിലേക്ക് ഇടിച്ചു കയറ്റിയത്.
