‘ഇനിയില്ല ആ സംഗീത പ്രഭാവം’, അന്തരിച്ച പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയിക്ക് വിട; സിനിമാ സംഗീതത്തിൽ മാറ്റം വരുത്തിയ പ്രതിഭ, മലയാളത്തിൻ്റെ അന്ത്യാഞ്ജലി

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing ‘ഇനിയില്ല ആ സംഗീത പ്രഭാവം’, അന്തരിച്ച പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയിക്ക് വിട; സിനിമാ സംഗീതത്തിൽ മാറ്റം വരുത്തിയ പ്രതിഭ, മലയാളത്തിൻ്റെ അന്ത്യാഞ്ജലി

പ്രശസ്‌ത മലയാള സിനിമാ സം​ഗീത സംവിധായകൻ കെ.ജെ ജോയിക്ക് മലയാളത്തിൻ്റെ അന്ത്യാഞ്ജലി. 77 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ തിങ്കളാഴ്‌ച പുലർച്ചെ 2.30ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനിക സങ്കേതകങ്ങൾ എഴുപതുകളിൽ മലയാള സിനിമയിൽ എത്തിച്ചയാൾ കൂടിയാണ് ജോയ്. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.

മലയാളികളുടെ മനസ് കീഴടക്കിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ ശില്‍പിയാണ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.
സം​ഗീത സംവിധായകൻ എം.എസ് വിശ്വനാഥൻ്റെ കൈ പിടിച്ചാണ് ജോയ് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. തുടക്കകലത്ത് എം.എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിക്കുന്ന ​ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു ജോയ്. പിന്നീടാണ് സ്വതന്ത്ര സം​ഗീത സംവിധാനത്തിലേക്ക് മാറുന്നത്.

1975ൽ പുറത്തിറങ്ങിയ ‘ലവ് ലെറ്റർ’ ആയിരുന്നു ആദ്യ മലയാളചിത്രം. ​ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടുമായിരുന്നു ഇതിലെ ഗാനങ്ങൾക്ക് രചന നിർവഹിച്ചത്. തുടർന്ന് ഇവനെൻ്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃ​ഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.

പാശ്ചാത്യ ശൈലിയിൽ ജോയ് ചിട്ടപ്പെടുത്തിയ മെലഡികൾ ഇന്നും മലയാളികൾ മൂളി നടക്കുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ​ഗാനമേ.., ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ…, മനുഷ്യമൃ​ഗത്തിലെ കസ്‌തൂരിമാൻ മിഴി…, സർപ്പത്തിലെ സ്വർണമീനിൻ്റെ ചേലൊത്ത കണ്ണാളേ… തുടങ്ങിയവ ഒരുതലമുറയെ ഒന്നാകെ ആവേശത്തിലാക്കി. 1994ൽ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്‌ത്‌ പുറത്തിറങ്ങിയ ദാദ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ച അവസാന ചിത്രം.

ഹിന്ദിയിൽ 12 ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്‌ച ചെന്നൈയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

0Shares