
കാസർകോട്: ഗൃഹ സന്ദർശനത്തിന് എത്തിയ സി.പി.എം നേതാക്കളെ സ്ഫോടക വസ്‌തു എറിഞ്ഞു. സി.പി.എം പ്രവർത്തകൻ തന്നെയാണ് അക്രമം നടത്തിയതെന്നാണ് വിവരം. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ കാഞ്ഞങ്ങാട്, അമ്പലത്തറ, ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്‌തു എറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് നേതാക്കൾ എത്തിയത്. പിന്നാലെയാണ് സ്ഫോടനം. നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്‍തു എറിഞ്ഞ രതീഷിന് പുറമെ കണ്ണോത്ത് തട്ട് സ്വദേശി ഷമീറുമാണ് പ്രതികള്‍. രണ്ട് പേരും ചേര്‍ന്ന് നടത്തിയ ആസൂത്രിത ആക്രമണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഷമീറിൻ്റെ അയൽക്കാരിയായ കണോത്ത് തട്ട് സ്വദേശി ആമിനയ്ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൃഹ സന്ദർശനത്തിന് എത്തിയ ലോക്കൽ സെക്രട്ടറി അനൂപ്, ബാബുരാജ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്‌ണൻ എന്നിവർക്ക് നേരെയാണ് രതീഷ് സ്ഫോടക വസ്‌തു എറിഞ്ഞത്. ആക്രമണത്തിന് പിന്നാലെ രതീഷ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
