
ഒരു വര്‍ഷം മുന്‍പ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടന്‍ വാഹനമിടിച്ച് മരണപ്പെട്ട കേസ്സില്‍ നിര്‍ത്താതെ പോയ കര്‍ണ്ണാടക രജിസ്ട്രേഷന്‍ ലോറിയും തമിഴ്നാട് സ്വദേശിയായ ഡ്രൈവറും പിടിയില്‍. നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ 6 മണിയോടെ തലപ്പാടിയില്‍ വെച്ച് മംഗലാപുരം ഗെയില്‍ കമ്പനിയിലേക്ക് ജോലിക്കായി മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിമുക്തഭടനായ ഉദ്യാവര്‍ ഗുത്തു സ്വദേശിയായ 42 വയസ്സുള്ള ദിനേശ് എന്നയാളാണ് ലോറിയിടിച്ച് മരണപ്പെട്ടത്.
മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ എ.സന്തോഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ രാജേഷ് കിഴക്കും കര, സിവില്‍ പോലീസ് ഓഫീസര്‍ നാരായണന്‍ അമ്പലത്തറ എന്നിവരുടെ സമര്‍ത്ഥമായ അന്വേഷണത്തിലാണ് കര്‍ണ്ണാടക രജിസ്ട്രേഷന്‍ ലോറിയും തമിഴ്നാട് ട്രിച്ചി സൂറം പട്ടി സ്വദേശിയായ ഡ്രൈവര്‍ രാമചന്ദ്രനെയും പിടികൂടിയത്.
സംഭവത്തിന് ശേഷം ഇടിച്ച് നിര്‍ത്താതെ പോയ വാഹനത്തെ പിന്നീട് ഹൈവേയിലൂടെ കടന്ന് പോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.
