
സ്വർണ്ണക്കടത്ത് കേസിൽ പ്രതി പട്ടികയിലുള്ള സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് ഫോൺ വാങ്ങി നല്‍കിയതിനുള്ള തെളിവുകൾ പുറത്ത് വന്നു. സ്വപ്നയുടെ ആവശ്യപ്രകാരം അഞ്ച് പേർക്കാണ് ഫോൺ വാങ്ങി നൽകിയതെന്നാണ് യൂണിറ്റാക് കമ്പനി എം.ഡി സന്തോഷ് ഈപ്പൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
ഇതിന്‍റെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. ലക്കി ഡ്രോ വഴി താൻ ഫോൺ വിതരണം ചെയ്യുകയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം. ചെന്നിത്തലയുടെ ഈ അവകാശവാദത്തെ തള്ളിയാണ് ഫോൺ വാങ്ങിയതിന്‍റെ ബില്ലുകൾ ഇപ്പോൾ പുറത്ത് വന്നത്. എഫ്.സി.ആർ.എ. ചട്ട പ്രകാരം ലക്കി ഡ്രോ നടത്തുന്നത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണ്.

കൈപ്പറ്റിയ ഫോൺ ലക്കി ഡ്രോയിൽ സമ്മാന വിതരണത്തിനാണ് എന്ന് തെളിയുകയാണെങ്കിൽ വിദേശ സഹായം സ്വീകരിക്കൽ ചട്ടം വഴി ഗുരുതര പ്രോട്ടോകോൾ ലംഘനത്തിനാകും ചെന്നിത്തല മറുപടി നൽകേണ്ടി വരിക. റംസാൻ മാസത്തിൽ ഖുർ ആൻ വിതരണത്തിന് എംബസിയെ സഹായിച്ച മന്ത്രി കെ.ടി ജലീലിനെ പ്രോട്ടോകോൾ ലംഘനം ആരോപിച്ചാണ് പ്രതിപക്ഷ നേതാവും കൂട്ടരും വളഞ്ഞിട്ടാക്രമിച്ചത്.
എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിയുടെ കയ്യിൽ നിന്നും ലക്ഷം രൂപ വിലപിടിപ്പുള്ള ഫോൺ കൈപ്പറ്റുകയും നഗ്നമായ പ്രോട്ടോകോൾ ലംഘനം നടത്തുകയും ചെയ്തു എന്ന ഗുരുതര കുറ്റമാണ് ചെന്നിത്തലയ്‌ക്കെതിരെ ഉയരുന്നത്. ആരോപണങ്ങളിൽ തെളിവുകൾ നിരത്തി സത്യം പുറത്ത് കൊണ്ട് വന്നില്ലെങ്കിൽ ജലീലിനെ മുറുക്കാൻ കെട്ടിയ കുരുക്ക് ചെന്നിത്തലയ്ക്കും സംഘത്തിനും ഊരാക്കുരുക്കാകും.
