
കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയ സംഭവത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോയാലും ആരും അറിയില്ല. കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു.

ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. ‘കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ബസ് അര്‍ദ്ധരാത്രി ആരോ മോഷ്ടിച്ച് കൊണ്ടുപോയിരിക്കുന്നു. ആ മോഷ്ടാവിനെ കുറിച്ച് ഇതുവരെ പോലീസിന് യാതൊരു വിവരവും ഇല്ല. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല. എന്തൊരു നാടാണിത്.
കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. കാരണം പിണറായി ഭരിക്കുന്നത് കൊണ്ട് അവരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. ഇത്രയും മോഷണവും പിടിച്ചുപറിയും നടക്കുന്ന കാലം കേരളത്തിലുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇത്രയേറെ നടന്ന കാലമുണ്ടായിട്ടുണ്ടോ?’, ചെന്നിത്തല ചോദിച്ചു.
