മതപഠനത്തിൻ്റെ പേരിൽ യമനിലേക്കുള്ള യാത്രകൾ; കാസർകോട്, തൃക്കരിപ്പൂർ സ്വദേശികളുടെ പാലായനം എൻ.ഐ.എയ്ക്ക് വിടുന്നു

You are currently viewing മതപഠനത്തിൻ്റെ പേരിൽ യമനിലേക്കുള്ള യാത്രകൾ; കാസർകോട്, തൃക്കരിപ്പൂർ സ്വദേശികളുടെ പാലായനം എൻ.ഐ.എയ്ക്ക് വിടുന്നു

കാസർകോട്: തൃക്കരിപ്പൂർ, ഉദിനൂരിലെ ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ട് യുവാക്കളും യമനിലേക്ക് കടന്ന സംഭവത്തിൽ പോലീസ് ഇൻ്റെലിജിൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കി. തിരോധാന കേസ് എൻ.ഐ.എയ്‌ക്ക്‌ ഉടനെ വിടുമെന്നാതാണ് സൂചനകൾ. ഖത്തറിൽ കഴിയുകയായിരുന്ന ഉദിനൂരിലെ മുഹമ്മദ് ഷബീർ(38), ഭാര്യ റിസ്‌വാന, പത്തുവയസിൽ താഴെയുള്ള രണ്ട് കുട്ടികൾ എന്നിവരാണ് യമനിലേക്ക് കടന്നത്. ഇവരെ കാണാതായത് സംബന്ധിച്ച് ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്.

ആറുമാസം മുമ്പ് കുടുംബസമേതം നാട്ടിലെത്തിയ മുഹമ്മദ് ഷബീർ തിരികെ ഖത്തറിലേക്കും അവിടെ നിന്ന് യമനിലേക്കും പോയെന്നാണ്‌ സംശയിക്കുന്നത്. മതപഠനത്തിനായി യമനിലേക്ക് പോകുന്നുവെന്ന് യാത്ര തിരിക്കും മുമ്പ് ഫോൺ ചെയ്‌തു പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഇവർ യമനിൽ എത്തിയത് സൗദി അറേബിയ വഴിയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യമനിലേക്ക് പോകുന്നതിൽ ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇൻ്റെലിജൻസ്‌ ഓഫീസർ ബുധനാഴ്‌ച മുഹമ്മദ് ഷബീറിൻ്റെ വീട്ടിലെത്തി കുടുംബത്തിൻ്റെ മൊഴിയെടുത്തു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ഇൻ്റെലിജിൻസ് മേധാവിക്ക് ഉടൻ കൈമാറും. അതേസമയം യമനിലേക്ക് കടന്ന പടന്ന സ്വദേശികളായ രണ്ടു യുവാക്കൾ അഫ്‌ഗാനിലേക്ക് കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ യുവാക്കൾ ആരൊക്കെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി വിവിധ അന്വേഷണ ഏജൻസികൾ നീലേശ്വരം പടന്നയിൽ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

0Shares