
വിവാദമായ ബന്ധുനിയമനത്തില്‍ കെ. ടി ജലീലും മുഖ്യമന്ത്രി പിണറായി വിജയനും ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ. ടി അദീബിന്‍റെ നിയമിക്കുന്നതിനായി യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്നാണ് മുഖ്യമന്ത്രി ഒപ്പിട്ടത്.

ബന്ധുനിയമനത്തില്‍ തുല്യ പങ്കാളിയായ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എ. ജിയില്‍ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയില്‍ പോകാനുള്ള സര്‍ക്കാരിന്‍റെ നീക്കം അപഹാസ്യമാണ്.
ഒരുവശത്ത് ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
