
തിരുവനന്തപുരം: പാർട്ടിയിലും മുന്നണിയിലും കൂടുതൽ സജീവമാകാൻ ഇ.പി ജയരാജന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
സിവിൽ കോഡിൽ കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്ത ഇ.പി ജയരാജൻ സെമിനാർ നടക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്‌ച നീണ്ടു. പാർട്ടി യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കാതെ നിസഹരിക്കുന്ന ജയരാജൻ മുന്നണി പ്രവർത്തനങ്ങളിലും സജീവമല്ല. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾ ഇതിൽ പരാതി സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ജയരാജൻ ഇടതുകൺവീനർ സ്ഥാനത്തു നിന്ന് മാറിയേക്കുമെന്ന് അഭിഹങ്ങളും ശക്തമാണ്. ആ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ജയരാജനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പ്രസക്തിയേറെയാണ്. സംഘടന പ്രവർത്തനത്തിൽ കൂടുതൽ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മുന്നണി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടു. ചികിത്സയിലുള്ള മുഖ്യമന്ത്രിയെ കാണാൻ പോയതിൽ എന്ത് അസ്വാഭാവികത എന്നായിരുന്നു ജയരാജൻ്റെ ചോദ്യം. പരാതിയും പരിഭവവും എല്ലാവർക്കും ഉണ്ടല്ലോ എന്നും ഇ.പി.
ജയരാജൻ്റെ തുടർച്ചയായ നിസഹകരണത്തിലും അത് വാർത്തയാകുന്നതിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കടുത്ത അതൃപ്‌തിയിലാണ്. കോഴിക്കോട്ട് മാധ്യമങ്ങളെ കണ്ടപ്പോഴും അദ്ദേഹം അതൃപ്‌തി പരസ്യമാക്കിയിരുന്നു. ഈ രീതിയിൽ ജയരാജന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന അഭിപ്രായം സി.പി.എമ്മിൽ ശക്തമാകുന്നുമുണ്ട്.
അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ജയരാജൻ കൂടിക്കാഴ്‌ച നിർണായകമാണ്. ആ കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു മംഗലപുരത്തെ പൊതുയോഗത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായ വിമർശിച്ചും സർക്കാരിനെയും പാർട്ടിയും പിന്തുണച്ചും ഇ.പി രംഗത്തെത്തിയത്. പാർട്ടിയിൽ സജീവമാണെന്ന് ഞായറാഴ്‌ച പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്.
