
റഷ്യയിലെ ഒരു ടെലിവിഷൻ ചാനൽ ജീവനക്കാരെല്ലാം ഒരുമിച്ച് ഓൺഎയറിൽ രാജിവച്ചു. ടി.വി ഡോഴ്ഡ് എന്ന ചാനലിലെ ജീവക്കാരാണ് അവസാന ടെലികാസ്റ്റിൽ ‘നോ വാർ’ എന്ന് പ്രഖ്യാപിച്ച് രാജി സമർപ്പിച്ചത്. ഉക്രൈനുമായുള്ള യുദ്ധത്തിൻ്റെ കവറേജ് സംപ്രേഷണം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ ചാനലിൻ്റെ പ്രവർത്തനം നിരോധിച്ചിരുന്നു.

ഇതിനു പിന്നാലെയായിരുന്നു രാജി. കൂട്ടരാജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാനലിൻ്റെ സഹ സ്ഥാപകയായ നതാലിയ സിൻഡെയേവയാണ് കൂട്ടരാജി ആരംഭിച്ചത്. ‘നോ വാർ’ എന്ന് പ്രഖ്യാപിച്ച് ഇവർ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനു പിന്നാലെ മറ്റ് ജീവനക്കാരും ഇതേ പ്രഖ്യാപനത്തോടെ രാജിവെക്കുകയായിരുന്നു.
തുടർന്ന്, അനിശ്ചിതകാലത്തേക്ക് പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് വാർത്താകുറിപ്പിൽ ചാനൽ അറിയിച്ചു.തുടർന്ന് ചാനൽ ‘സ്വാൻ ലേക്’ ബാലെ വിഡിയോ സംപ്രേഷണം ചെയ്തു. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വിഡിയോ ആയിരുന്നു അത്.
