‘എൻ്റെ കേരളം’ പ്രദര്‍ശന വിപണനമേള രണ്ടാം എഡിഷന്‍ 2023 മേയ് 3 മുതല്‍ 9 വരെ കാസര്‍കോട് ജില്ലയില്‍; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു

  • Post category:local news
  • Reading time:2 mins read
You are currently viewing ‘എൻ്റെ കേരളം’ പ്രദര്‍ശന വിപണനമേള രണ്ടാം എഡിഷന്‍ 2023 മേയ് 3 മുതല്‍ 9 വരെ കാസര്‍കോട് ജില്ലയില്‍; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു

കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിൻ്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എൻ്റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കാസര്‍കോട് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം തുറമുഖം, പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിൻ്റെ വികസനക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എൻ്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം എഡിഷന്‍ ഏപ്രില്‍ ആദ്യവാരം എറണാകുളത്ത് ആരംഭിച്ച് മെയ് അവസാനവാരം തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ചുരുങ്ങിയത് ഏഴ് ദിവസം വീതമാണ് മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാരിൻ്റെ നേട്ടങ്ങളും സംസ്ഥാനം രാജ്യത്തെ മികച്ച നിലവാരത്തിലെത്തിയതിൻ്റെ ചരിത്രവും നേടിയ അംഗീകാരങ്ങളും ഉള്‍പ്പെടുത്തിയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് എങ്ങനെ ഉപയുക്തമാകുന്നു എന്ന് ചിത്രീകരിച്ചുള്ള പ്രദര്‍ശനമാണ് ഉദ്ദേശിക്കുന്നത്.

ജനങ്ങളെ ആകര്‍ഷിക്കാന്‍ വിനോദ വാണിജ്യ പരിപാടികളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാരിൻ്റെ നേട്ടങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്ന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തണം. കേരളം ഒന്നാമതായി നില്‍ക്കുന്ന സര്‍ക്കാരിന്റേതായ നേട്ടങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ മെയ് 3 മുതല്‍ 9 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലാണ് മേള.

ജില്ലാതല സംഘാടക സമിതി

ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് കോവില്‍ മുഖ്യരക്ഷാധികാരിയായും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ചെയര്‍മാനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി.സുജാത എന്നിവര്‍ രക്ഷാധികാരികള്‍ ആണ്.

ഉപസമിതികളും രൂപീകരിച്ചു. ഐ ആന്റ് പി ആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, വൈസ് ചെയര്‍മാന്‍മാരാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്.

0Shares