
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍. ബുധനാഴ്‌ച ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് .തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് അവറില്‍ ഉപയോഗിച്ചത് 4893 മെഗാവാട്ട്. വൈദ്യുതി ഉപയോഗത്തില്‍ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ.എസ്.ഇ.ബി വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്.

ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.
വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റുസമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ.സിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
