
പാലക്കാട്: ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിന്‍റെ മകളുടെ ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയ സമയത്താണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ബിജു വീട്ടില്‍ തനിച്ചായിരുന്നു താമസം.
നരബലിക്ക് ഇരയായ റോസ്ലിന്‍റെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഡി.എന്‍.എ പരിശോധനയ്ക്കായി മൃതദേഹം രണ്ടുമാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്നുദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. മക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വടക്കഞ്ചേരിയിലെ വാടകവീട്ടില്‍ എത്തിച്ചശേഷമാണ് സംസ്ക്കരിച്ചത്. അതിന് പിന്നാലെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രക്ക് വര്‍ക്ക് തൊഴിലാളിയായ ബിജുവും ഭാര്യയും കുറച്ചുകാലം മുമ്പാണ് വടക്കാഞ്ചേരിയില്‍ വാടക വീടെടുത്ത് താമസം തുടങ്ങിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നവംബര്‍ 20ന് കൈമാറിയിരുന്നു. പദ്മയുടെ ഡി.എന്‍.എ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. പദ്മയുടെ മകന്‍ ശെല്‍വരാജും സഹോദരിയും ചേര്‍ന്ന് മൃതദേഹം തമിഴ്‌നാട്ടിലെ ധര്‍മപുരിയിലേക്ക് കൊണ്ടുപോവുകയും ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു.
