
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്‌ത ആണ്‍ സുഹൃത്ത് റിമാണ്ടിൽ. തിരുമല തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയായ ബിനോയി (21)യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്‌തത് ജയിലിലാക്കിയത്.
പോക്സോ നിയമ പ്രകാരമാണ് പൊലീസ് ബിനോയിക്കെതിരെ കേസെടുത്തത്. ബിനോയ് പെൺകുട്ടിയുമായി നേരത്തെ സൗഹൃദത്തിൽ ആയിരുന്നു.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹ ബന്ധത്തിലായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ ഉപദേശിച്ചു.
രണ്ടുമാസം മുമ്പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിൻ്റെ മനോവിഷമത്തിൽ ആയിരുന്ന പെണ്‍കുട്ടി ഈ മാസം 10ന് രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. സഹോദരൻ ഇത് കാണുകയും ഉടൻ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ് തന്നെ ബിനോയിയുമായി അടുപ്പത്തിൽ ആയിരുന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പോക്‌സോ വകുപ്പ് ചുമത്തിയത്. ഇരുവരും പരിചയപ്പെട്ടത് സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു എന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ ) -022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി (ഡല്‍ഹി ) – 011-23389090, കൂജ്- (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
