
കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഏഴ് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സ്‌കൂള്‍ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ജി.വി.എച്ച്എസ്എസ് മൊഗ്രാല്‍, ജി.എം.വി.എച്ച്എസ്. എസ് കാസര്‍കോട് തളങ്കര, ജി.എച്ച്എസ്എസ് പെരിയ, ജി.എച്ച്എസ് എസ് പിലിക്കോട്, ജി.വി.എച്ച്എസ്എസ് വെള്ളിക്കോത്ത്, ജി.എച്ച്എസ്എസ് ചായ്യോത്ത്, ജി.എച്ച്എസ് എസ് ബളാംതോട്, ചെമ്മനാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ കെട്ടിടോദ്ഘാടനമാണ് നടന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഫലമായി 6,80,000ല്‍പരം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളാണ്. കേരളത്തിലെ ഏതു കുഗ്രാമത്തിലുള്ള കുട്ടിക്കും ലോകോത്തര നിലവാരത്തില്‍ പഠിക്കാന്‍ കഴിയുന്നു എന്നതാണ് പ്രകടമായ മാറ്റം. ഇതിലൂടെ പുതിയ തലമുറയുടെ കാഴ്ച്ചപ്പാടില്‍ മാറ്റം വരികയാണ്. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ മികവ് പല തരത്തില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.. പി എന്നിവര്‍ മുഖ്യാതിഥികളായി.
