ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; പര്‍വതാരോഹക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; പര്‍വതാരോഹക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടര്‍

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. കൊച്ചിയില്‍ നിന്നെത്തിച്ച കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല.

ഹെലികോപ്റ്റര്‍ ദൗത്യം പരാജയപ്പെട്ടാല്‍ പര്‍വതാരോഹക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിൻ്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഭക്ഷണമോ വെള്ളമോ എത്തിക്കുന്നതിനാണ് നിലവിലെ ശ്രമങ്ങള്‍.

ഉച്ച വരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശി കാണിച്ച് ആളുകള്‍ക്ക് സിഗ്‌നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.

മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിൻ്റെ വള്ളികളും വടിയും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

0Shares