
കൊല്‍ക്കത്ത: സ്‌കൂൾ നിയമന കോഴക്കേസില്‍ ആരോപണ വിധേയനായ ബംഗാള്‍ വ്യവസായ വാണിജ്യ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പാര്‍ത്ഥ ചാറ്റര്‍ജി പുലര്‍ച്ചയോടെ കൊല്‍ക്കത്ത വിമാന താവളത്തില്‍ എത്തിയാതായിരുന്നു. പിന്നാലെ മന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം വിമാന താവളത്തില്‍ എത്തിയത്.

കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി മന്ത്രിയെ പതിനാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സ്പെപഷ്യല്‍ കോടതിയ്ക്ക് മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മൂന്നുവരെ മന്ത്രിയെയും സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയെയും കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി ഇ.ഡിയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്‌ച അറസ്റ്റ് ചെയ്ത മന്ത്രിയെ തിങ്കളാഴ്‌ച ആയിരുന്നു എയിംസില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസത്തെ ഇ.ഡി കസ്റ്റഡിയിലായിരുന്ന മന്ത്രിയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് എസ്.എസ്.കെ.എം ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇത് നിയമത്തിന് എതിരാണെന്ന് ഇ.ഡി വാദിച്ചതിന് പിന്നാലെയാണ് മന്ത്രിയെ എയിംസിലേയ്ക്ക് മാറ്റിയത്.
2016ലെ മമത മന്ത്രിസഭയില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷനും പശ്ചിമ ബംഗാള്‍ പ്രൈമറി എഡുക്കേഷന്‍ ബോര്‍ഡും വഴിയുള്ള നിയമനങ്ങളിലാണ് കോഴ ഇടപാട് നടന്നത്.
മന്ത്രിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന നടി കൂടിയായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്ളാറ്റില്‍ നിന്ന് കണ്ടെടുത്ത 20 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് വാങ്ങിയ കോഴയെന്നാണ് ഇ.ഡിയുടെ നിലപാട്. അര്‍പ്പിതയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതേസമയം, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നിയമന അഴിമതി സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതിന് സമാന്തരമായാണ് ഇ.ഡിയുടെ ഇടപെടല്‍.
